‘ആഭ്യന്തര വിഷയമാണ്’ ഹിജാബ് വിവാദത്തില്‍ രാജ്യാന്തര പ്രതികരണത്തില്‍ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ദില്ലി: കര്‍ണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ വിദേശത്തുനിന്നുള്ള പ്രതികരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തരവിഷയത്തില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രതികരണങ്ങള്‍ വേണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്ന് മന്ത്രാലയം.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന:-

കര്‍ണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ബഹുമാനപ്പെട്ട കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളില്‍ നിന്ന് കൊണ്ടാണ് വിഷയങ്ങള്‍ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും, ഇന്ത്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് ലക്ഷ്യങ്ങള്‍ വച്ചുള്ള പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമല്ല.

അമേരിക്കയും പാകിസ്ഥാനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനു കീഴിലുള്ള സംഘടന (ഐ ആര്‍ എഫ്)യുടെ അംബാസിഡര്‍ റഷാദ് ഹുസ്സൈന്‍ ആരോപിച്ചിരുന്നു. മുസ്ലീം പെണ്‍കുട്ടികളെ തീവ്രവാദികളായി മുദ്രകുത്തുകയാണെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം ലോകം തിരിച്ചറിയണമെന്നുമായിരുന്നു പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രതികരണം.

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തല്‍ക്കാലം മതാചാരവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്നാണ് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ത്ഥിനികളും സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top