Section

malabari-logo-mobile

തീവ്ര മഴ പ്രതിരോധിക്കാന്‍ പുതിയ റോഡ് നിര്‍മാണ രീതികള്‍ അവശ്യമെന്ന് പൊതുമരാമത്ത് മന്ത്രി

HIGHLIGHTS : The Minister of Public Works said that new road construction methods are needed to prevent extreme rains

തിരുവനന്തപുരം:ചുരുങ്ങിയ സമയത്തില്‍ പെയ്യുന്ന തീവ്രമഴ റോഡ് തകര്‍ച്ചയ്ക്കു കാരണമാകുന്നതിനാല്‍ റോഡ് നിര്‍മാണത്തില്‍ പുതിയ രീതികള്‍ അവലംബിക്കേണ്ടത് അവശ്യമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

മഴപ്പെയ്ത്തിന്റെ രീതി മാറിയിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്ര മഴയാണ് ലഭിക്കുന്നത്. ഈ വലിയ അളവില്‍ ജലത്തെ ഉള്‍ക്കൊള്ളാന്‍ ഭൂമിക്കോ റോഡിന്റെ വശത്തുള്ള ഓടകള്‍ക്കോ സാധിക്കുന്നില്ല. ഫലമായി റോഡ് തകരുന്നു. മാറിയ മഴയെ, പ്രകൃതിയെ പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുത്തന്‍ നിര്‍മാണ രീതികള്‍ വേണം. എന്നാല്‍ നാം ഇപ്പോഴും പഴയ രീതികള്‍ പിന്തുടരുകയാണ്. ഇത് മാറേണ്ടതുണ്ട്-കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്ന പുത്തന്‍ നിര്‍മാണ രീതികളെക്കുറിച്ച് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (കെ.എച്ച്.ആര്‍.ഐ) ഐ.ഐ.ടി പാലക്കാടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.

sameeksha-malabarinews

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഉയര്‍ന്ന ജനസാന്ദ്രതയും വലിയ തോതിലുള്ള വാഹന പെരുപ്പവും ചേരുന്നതോടെ റോഡ് പരിപാലനം വെല്ലുവിളിയായി മാറുകയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം സവിശേഷമായി പരിഗണിച്ചുള്ള നിര്‍മാണ രീതിയാണ് നമുക്ക് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

ദീര്‍ഘകാലം നിലനില്‍ക്കുന്ന, സുസ്ഥിരമായതും ചെലവ് കുറഞ്ഞതുമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണ രീതിയാണ് അഭികാമ്യം. പ്രീ-കാസ്റ്റ് മെറ്റീരിയലുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തി, എല്ലാ കാലാവസ്ഥയിലും ബിറ്റുമിന്‍ ഒക്കെ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണ രീതി വികസിപ്പിക്കേണ്ടതുണ്ട്. കെ.എച്ച്.ആര്‍.ഐ ഈ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കണം.

റോഡ് പരിപാലന കാലാവധിക്ക് ശേഷം ഉത്തരവാദിത്തം ആര്‍ക്കെന്ന് വ്യക്തമാക്കുന്ന നീല റണ്ണിംഗ് കോണ്‍ട്രാക്റ്റ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ തുടര്‍ച്ചയായുള്ള ചെക്കിംഗ് സ്‌ക്വാഡ് പരിശോധന ഈ മാസം 20 മുതല്‍ എല്ലാ ജില്ലകളിലും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. നവീകരിച്ച കെ.എച്ച്.ആര്‍.ഐ വെബ്സൈറ്റ്, സുവര്‍ണ ജൂബിലി സുവനീര്‍ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.

രാജ്യത്തെ വിവിധ ഐ.ഐ.ടികളില്‍ നിന്നുള്ള ഫാക്കല്‍റ്റിമാര്‍, പ്രഗല്‍ഭ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിക്കുന്ന സെമിനാര്‍ ശനിയാഴ്ച സമാപിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!