റാഞ്ചി : വീട്ട് ജോലിക്കാരിയെ അതിക്രൂരമായി ആക്രമിച്ച ജാര്‍ഖണ്ഡിലെ ബിജെപി നേതാവ് സീമ പാത്ര അറസ്റ്റില്‍. ജോലിക്കാരിയെ തറയിലെ മൂത്രം നക്കിപ്പിക്കുകയും പാന്‍ ചൂടാക്കി പൊള്ളിക്കുകയും ചെയ്തിരുന്നു ഇവര്‍. ആദിവാസി സ്ത്രീയായ ജോലിക്കാരി സുനിത പരിക്കുകളോടെ ആശുപത്രിയിലാണ്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പത്രയുടെ ഭാര്യയായ സീമ പത്ര, തന്റെ ജീവനക്കാരിയായ സുനിതയെ ക്രൂര മര്‍ദത്തിനിരയാക്കി. ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമാണ് സീമ. പിന്നാലെ സീമയ്‌ക്കെതിരെ റാഞ്ചിയിലെ അര്‍ഗോഡ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) അതിക്രൂരമായ കുറ്റകൃത്യത്തില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടിരുന്നു. നടപടിയെ കുറിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് എന്‍സിഡബ്ല്യു ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിഡബ്ല്യു ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ ഇത് സംബന്ധിച്ച് പൊലീസ് ഡയറക്ടര്‍ ജനറലിന് കത്തയച്ചു.




