പാലക്കാട്ടെ ഹണിട്രാപ്പ് സംഘത്തിന്റെ പിടിയില്‍ നിന്ന് പരാതിക്കാരന്‍ രക്ഷപ്പെട്ടത് തട്ടിക്കൊണ്ടുപോകുന്നതിനിടെ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ കൈകാലുകള്‍ ബന്ധിച്ച് കാറില്‍ കയറ്റി കൊടുങ്ങല്ലൂരേക്ക് കൊണ്ടുപോകുകയായിരുന്നു സംഘം. ഇതിനിടെ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയാണ് ഓടി രക്ഷപ്പെട്ടത്. കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ പാതി വഴിയില്‍ ഇയാള്‍ ഇറങ്ങി ഓടിയതോടെയാണ് ഹണി ട്രാപ്പ് പുറത്തെത്തുന്നത്.
തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ സാമ്പത്തികസ്ഥാപന ഉടമയില്‍നിന്ന് സ്വര്‍ണവും പണവും കാറും കൈക്കലാക്കിയ കേസില്‍ കൊല്ലം സ്വദേശിനിയും ഭര്‍ത്താവുമുള്‍പ്പെടെ ആറുപേരെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാസ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായത്.
28-നാണ് കേസിനാസ്പദമായ സംഭവം. ശരത്താണ് സാമൂഹികമാധ്യമംവഴി രണ്ടാഴ്ചമുമ്പ് പരാതിക്കാരനെ പരിചയപ്പെട്ടത്. സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി ശരത് പരാതിക്കാരനുമാടി പരിചയപ്പെടുന്നത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. വീട്ടില്‍ അമ്മമാത്രമേ ഉള്ളൂ എന്നും, ഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്.
വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയ വ്യവസായിയെ ശരത്തും സംഘവും ചേര്‍ന്ന് കെണിയില്‍ വീഴ്ത്തി. സംഘം വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎം കാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി തുടര്‍ തട്ടിപ്പിനായിരുന്നു നീക്കം. യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു.
പാലക്കാട് എത്തി ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും.




