ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനം നൊന്ത് ലോറി ഡ്രൈവര്‍ ജീവനൊടുക്കി

മലപ്പുറം: ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനം നൊന്ത് ലോറി ഡ്രൈവറായ യുവാവ് ജീവനൊടുക്കി. ലോറി ഡ്രൈവറായ മുതിയേരി ബിജുവാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബിജു വളരെയധികം മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി വീട്ടുകാര്‍ വെളിപ്പെടുത്തി. മലപ്പുറം ജില്ലയിലെ വെട്ടം ആലിശ്ശേരിയിലാണ് സംഭവം നടന്നത്.

നാലുമാസം മുമ്പാണ് ബിജു ഓടിച്ചിരുന്ന ഫര്‍ണിച്ചര്‍ ലോറി, റോഡു മുറിച്ചു കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ കിടന്നാണ് ഇയാള്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഈ യുവാവിന് വിഷാദ രോഗം ബാധിച്ചിരുന്നു.

വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ബിജുവിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top