കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി കസബ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടയുള്ള നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ഭാര്യയെ ഏഴാം തീയതി വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നുവെന്നും ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും സൈനബയുടെ ഭര്‍ത്താവ് മുഹമ്മദാലി കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ എട്ടാം തീയതി് പരാതി നല്‍കിയിരുന്നു.
ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. അന്ന് വൈകീട്ട് അഞ്ചുമണിയോടെ സൈനബയെ വിളിച്ചെന്നും, അപ്പോള്‍ അയയില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു. അതിനുശേഷം ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.
പിറ്റേന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. സൈനബയുടെ രണ്ടു ഫോണും ഇതുവരെ സ്വിച്ച് ഓഫ് ആയ നിലയിലാണ് എന്നും മുഹമ്മദാലി പറയുന്നു. സാധാരണ സൈനബ ടൗണില്‍ പോകാറുണ്ടെന്നും, വൈകീട്ടോടെ വീട്ടില്‍ മടങ്ങി
എത്താറാണ് പതിവെന്നും മുഹമ്മദാലി വ്യക്തമാക്കി.
സൈനബയെ കാണാതായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പോലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയ കാര്യം വെളിപ്പെടുത്തിയത്.
കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെയും കൊണ്ട് പോലീസ് ഗൂഡല്ലൂരില്‍ തിരച്ചിനായി പോയത്. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. എന്നാല്‍, സ്വര്‍ണം കളവ് പോയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയാ സുലൈമാനും ചേര്‍ന്നാണെന്നാണ് പൊലീസ് എഫ്‌ഐആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. പൂര്‍ണമായും ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്.




