പ്രളയത്തില്‍ വ്യാപാര സ്ഥാപനം നശിച്ച സംഭവം; 12,27,522 രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

ഒരു കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത വ്യാപാര സ്ഥാപനം വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും ഇന്‍ഷുറന്‍സ് കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയില്‍ 12,27,522 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ മെട്രോ ട്രേഡിങ് എന്ന സ്ഥാപനം ഉപഭോക്തൃ കമ്മിഷന്‍ മുമ്പാകെ നല്‍കിയ പരാതിയില്‍ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് കമ്മീഷന്റെ വിധി.

പരാതിക്കാരുടെ സ്ഥാപനം 2018 ആഗസ്റ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട് പൂര്‍ണ്ണമായി നശിച്ചു. പെയിന്റും അനുബന്ധ സാധനങ്ങളും വ്യാപാരം നടത്തിയിരുന്ന സ്ഥാപനം ഒരു കോടി രൂപക്ക് ഇന്‍ഷുര്‍ ചെയ്തിരുന്നതാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാശനഷ്ടമായി കണക്കാക്കിയത് 15,98,882 രൂപയായിരുന്നു. എന്നാല്‍ നഷ്ടപരിഹാരമായി അനുവദിച്ചത് 2,57,899 രൂപ മാത്രമായിരുന്നു. തുടര്‍ന്നാണ് സ്ഥാപനം കമ്മീഷന്‍ മുമ്പാകെ ഹരജി ബോധിപ്പിച്ചത്.

നഷ്ടമായി കണക്കാക്കിയ വസ്തുക്കളുടെ പുനരുപയോഗവും വിപണന സാധ്യതയും കണക്കിലെടുത്ത് 75% വിലയ്ക്ക് അവ ഹരജിക്കാരന് തന്നെ തിരിച്ചു നല്‍കിയതു കൊണ്ടാണ് മുഴുവന്‍ സംഖ്യയും അനുവദിക്കാതിരുന്നതെന്ന് ഇന്‍ഷുറന്‍സ് കമ്പനി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. മാത്രമല്ല, ഹരജിക്കാര്‍ അത് സമ്മതിച്ചിരുന്നുവെന്നും കമ്പനി ബോധിപ്പിച്ചു. എന്നാല്‍ കമ്മിഷന്‍ മുമ്പാകെ അത് തെളിയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്കായില്ല. തുടര്‍ന്നാണ് പരാതിക്കാര്‍ക്കനുകൂലമായി കമ്മിഷന്‍ വിധി പറഞ്ഞത്.

ഇന്‍ഷുറന്‍സ് തുകയായി 11,67,522 രൂപ ഒമ്പത് ശതമാനം പലിശയോടെയും നഷ്ടപരിഹാരമായി അമ്പതിനായിരം രൂപയും കോടതി ചെലവായി പതിനായിരം രൂപയും ഒരു മാസത്തിനകം നല്‍കണമെന്നും അല്ലാത്ത പക്ഷം ഒമ്പത് ശതമാനം പലിശയും നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി. വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയില്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top