സെറിബ്രല്‍ പാള്‍സി ബാധിതയായ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം: അടിയന്തിര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി ഡോ.ആര്‍.ബിന്ദു

തൃശ്ശൂര്‍ പെരിങ്ങോട്ടുകരയില്‍ സെറിബ്രല്‍ പാള്‍സി ബാധിതയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചെമ്മാപ്പിള്ളി സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ഒന്നാംനിലയില്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം ഗൗരവതരവും അപലപനീയവുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു. സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും, തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കുട്ടിയുടെ മാതാപിതാക്കളുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് ഈ വിഷയത്തില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തും. സ്‌കൂളിന്റെ അധികാരികള്‍ ഇതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കേണ്ടതായി വരും. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടുന്ന ഭിന്നശേഷി സൗഹാര്‍ദ്ദപരമായ അന്തരീക്ഷം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ആര്‍.പി.ഡബ്ല്യു.ഡി ആക്ട് പ്രകാരം ഭിന്നശേഷിക്കാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്. അതിനെതിരെ നടപടികള്‍ സ്വീകരിക്കാവുന്ന വകുപ്പുകള്‍ ഉണ്ട്. ഭിന്നശേഷി മക്കള്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഇനിയും ഉണ്ടാകാതെയിരിക്കാനുള്ള സാമൂഹിക ജാഗ്രത സമൂഹത്തില്‍ ഉണ്ടാകണമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

തിങ്കളാഴ്ച ഉച്ചക്ക് 3.45ന് ഭിന്നശേഷക്കാരിയായ മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയ പിതാവ് ഉണ്ണി കൃഷ്ണന്‍ കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ കാണപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top