തിരൂരങ്ങാടി: എ ആര്‍ നഗര്‍ വി.കെ പടിയില്‍ ദേശീയപാതക്കായി മരം മുറിച്ചപ്പോള്‍ നീര്‍ക്കാക്കകള്‍ ചത്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
മരം മുറിച്ചുമാറ്റിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ജാര്‍ഖണ്ഡ് സ്വദേശി വികാസ് കുമാര്‍ രാജക്, മരം മുറിച്ച തൊഴിലാളി തമിഴ്നാട് സേലം കൂത്തുമുട്നേല്‍ മഹാലിംഗം, സൂപ്പര്‍വൈസര്‍ കോയമ്പത്തൂര്‍ ലക്ഷ്മി അമ്മാള്‍ ഇല്ലം എന്‍.മുത്തുകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റോഡ് പണിയുടെ എന്‍ജിനീയര്‍ തെലങ്കാന വാറങ്കല്‍ പട്ടായ്പക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.




