തൃശൂര്‍പൂരം കലക്കല്‍;എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി

HIGHLIGHTS : The Home Secretary rejected the report submitted by ADGP MR Ajit Kumar

തിരുവനന്തപുരം:തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. ഈ വിഷയത്തില്‍ വിശദമായ പുനരന്വേഷണമാണ് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. അതെസമയം എഡിജിപി തല അന്വേഷണമാണോ ജുഡീഷ്യല്‍ അന്വേഷണമാണോ വേണ്ടതെന്ന കാര്യത്തില്‍ അന്തിമതതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് എടുക്കേണ്ടത്.

അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനൊപ്പം ഡിജിപി ചില അന്വേഷണ നിര്‍ദേശങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതില്‍ അജിത് കുമാറിന്റെ പങ്കും അന്വേഷണവിധേയമാക്കണമെന്ന് സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളാണ് ആഭ്യന്തരസെക്രട്ടറിയും അംഗീകരിച്ചത്. ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കേണ്ട അന്വേഷണം അഞ്ചു മാസം നീണ്ടതടക്കം കാര്യങ്ങളും ഡിജിപി ഒന്നിച്ചയച്ചിരുന്നു. റിപ്പോര്‍ട്ടിന്‍മേല്‍ പോലീസ് മേധാവി തന്നെ സംശയങ്ങള്‍ ഉന്നയിച്ചതിനാലാണ് ആഭ്യന്തര സെക്രട്ടറിയും വിശദമായ പരിശോധന നടത്തിയത്. പൂരം അട്ടിമറിയിലെ ഗൂഢാലോചനയും എഡിജിപിയുടെ ഇടപെടല്‍ സംബന്ധിച്ച ആരോപണങ്ങളുമാണ് വീണ്ടും അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തത്.

sameeksha-malabarinews

തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. പൂരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഏകോപനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പാളിച്ച പറ്റി. പൂരം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ദേവസ്വങ്ങളുടെ നിലപാട് മൂലമായിരുന്നു എന്നും അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോടതി നിര്‍ദേശം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു പോലീസ് പൂരം ദിവസത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ചയുണ്ടായി. വിവിധ ഇടങ്ങളില്‍ പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതും വിവരങ്ങള്‍ കൃത്യമായി ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നുമാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതെസമയം, റിപ്പോര്‍ട്ട് അഞ്ചു മാസം വൈകിയതും ആരോപണവിധേയനായ എഡിജിപി തന്നെ അന്വേഷണ ഉദ്യോഗസ്ഥനായതും ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!