ആമയിഴഞ്ചാന്‍ അപകടം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി, അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം

കൊച്ചി: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തില്‍ ഹൈക്കോടതി ഇടപെടല്‍. കൊച്ചിയിലെ ബ്രഹ്‌മപുര മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാന്‍ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പല്‍ കോര്‍പറേഷനും റെയില്‍വേയും ചേര്‍ന്ന് ഈ മാസം 19 ന് മുന്‍പ് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

സംഭവത്തില്‍ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍. മാലിന്യം തള്ളാതിരിക്കാനുള്ള നിര്‍മ്മിതികള്‍ നടത്തിയിരുന്നുവെന്ന് റെയില്‍വേ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ വാദിച്ചു. റെയില്‍വേയുടെ സ്ഥലത്തിന് പുറത്തും മാലിന്യം നിറഞ്ഞ് കടക്കുന്ന അവസ്ഥയാണെന്നും റെയില്‍വെ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സ്ഥലം സന്ദര്‍ശിക്കാന്‍ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

ജോയിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയില്‍വേയുടെ സ്ഥലത്തെ മാലിന്യം റെയില്‍വേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോര്‍പ്പറേഷനും ഉറപ്പുവരുത്തണം. വര്‍ഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്റെ കറുത്ത നിറത്തിന്റെ കാരണം. ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ബ്രഹ്‌മപുരം കേസ് പരിഗണിച്ച ബെഞ്ച് പിന്നീട് സംസ്ഥാനത്തെ പൊതുവായ മാലിന്യപ്രശ്‌നങ്ങളും പരിശോധിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top