
കൊച്ചി: വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഭാര്യക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം അവര്‍ പുനര്‍വിവാഹം കഴിച്ചു വെന്ന കാരണത്താല്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം നിലപാടുകള്‍ വിധവകളുടെ പുനര്‍വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ വ്യക്തമാക്കി.
യുവതിയുടെ ജോലിയും പുനര്‍വിവാഹവും പരിഗണിച്ച് ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരം നിഷേധിച്ച മോട്ടോര്‍ വാഹന ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ട്രൈബ്യൂണല്‍ അനുവദിച്ച 4.60 ലക്ഷം രൂപയുടെ നഷ്ടപരിഹാരം 16.25 ലക്ഷമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
2009ലുണ്ടായ അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിക്ക് മോട്ടോര്‍ വാഹന ട്രിബ്യൂണല്‍ നേരത്തെ വളരെ കുറഞ്ഞ തുക മാത്രമാണ് അനുവദിച്ചിരുന്നത്. യുവതിക്ക് ജോലിയുണ്ടായിരുന്നതും പിന്നീട് പുനര്‍വിവാഹം കഴിച്ചതും ചൂണ്ടിക്കാട്ടി ആശ്രിതാവകാശം നിഷേധിച്ച ട്രിബ്യൂണല്‍ നടപടിയെ ഹൈക്കോടതി ശക്തമായി വമര്‍ശിച്ചു.
അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നഷ്ടപരിഹാരത്തിന് മാനദണ്ഡമാക്കേണ്ടതെന്നും പുനര്‍വിവാഹം എന്ന സംഗതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കോടതി പറഞ്ഞു.




