Section

malabari-logo-mobile

കുഷ്ഠരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; അശ്വമേധം പദ്ധതിയുടെ അഞ്ചാം പതിപ്പിന് മലപ്പുറം ജില്ലയില്‍ തുടക്കം

HIGHLIGHTS : The goal is to eradicate leprosy completely: Minister Veena George

തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ചക്കാലം വീടുകളിലെത്തി രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നു. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍ എന്നിവയുള്ളവര്‍ അവഗണിക്കരുത്. നേരത്തെ ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിനായി. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കണം. അതിലൂടെ രോഗമുണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആളുകളിലും എത്തുന്ന വിധത്തിലാണ് കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുഷ്ഠ രോഗം അവഗണിക്കരുത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി രോഗമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

sameeksha-malabarinews

കുഷ്ഠരോഗ പ്രതിരോധത്തിന് വളണ്ടിയര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി ബോധവത്കരണവും പരിശോധനയും നടത്തുന്ന അശ്വമേധം പദ്ധതിയുടെ അഞ്ചാം പതിപ്പിന് മലപ്പുറം ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫീസ് ജീവനക്കാരെ പരിശോധിച്ച് കൊണ്ട് ഡി.എം .ഒ ഡോ.ആര്‍.രേണുക നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ല ലെപ്രസി ഓഫീസര്‍ ഡോ. നൂന മര്‍ജ അധ്യക്ഷത വഹിച്ചു. അസി. ലെപ്രസി ഓഫീസര്‍ വി.കെ.അബ്ദുല്‍ സത്താര്‍ ക്ലാസെടുത്തു.
ജനുവരി 18 മുതല്‍ 31 വരെയാണ് ജില്ലയിലെ മുഴുവന്‍ വീടുകളിലും വളണ്ടിയര്‍ സംഘം സന്ദര്‍ശനം നടത്തുക. ഇവര്‍ കുടുംബത്തിലെ രണ്ട് വയസ്സിന് മുകളിലുള്ള മുഴുവന്‍ അംഗങ്ങളെയും പരിശോധിക്കുകയും ചര്‍മ്മത്തില്‍ രോഗം സംശയിക്കുന്ന എന്തെങ്കിലും പാടുകള്‍ കണ്ടെത്തിയാല്‍ അവരെ വിദഗ്ധ പരിശോധനകള്‍ക്കായി ശിപാര്‍ശ ചെയ്യുകയും ചെയ്യും. അതാത് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് രോഗനിര്‍ണയം സാധ്യമായില്ലെങ്കില്‍ പ്രത്യേക ത്വക്ക് രോഗവിദഗ്ധരുടെ മേല്‍നോട്ടത്തില്‍ രോഗം നിര്‍ണയിക്കും. കുഷ്ഠ രോഗമാണെന്ന് സ്ഥീരീകരിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കും.

അംഗവൈകല്യത്തോടെയുള്ള രോഗികളുടെ എണ്ണം കുറവാണെങ്കിലും കുഷ്ഠരോഗം ഇപ്പോഴും ജില്ലയില്‍ സജീവമാണ്. പ്രതിവര്‍ഷം നൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ഏറെയും അതീവ പകര്‍ച്ച സാധ്യതയുള്ള ലെപ്രമാറ്റസ് വിഭാഗത്തില്‍ പെട്ടവര്‍ യുവജനങ്ങളുമാണ്. ഇവരിലൂടെ നിരവധിയാളുകള്‍ക്ക് രോഗം പകര്‍ന്നേക്കും. കുഷ്ഠരോഗം വളരെ സാവധാനം മാത്രം വികാസം പ്രാപിക്കുന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ജില്ലയില്‍ അഞ്ചു വയസ്സ് മുതല്‍ പ്രായമുള്ളവര്‍ ചികിത്സയിലുണ്ട്. പ്രത്യേകമായി ഒരു പ്രദേശത്ത് ഒതുങ്ങാതെ ജില്ലയിലെ മുഴുവന്‍ ആരോഗ്യ ബ്ലോക്കുകളിലും രോഗമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലുമെത്തി പരിശോധനക്കായി 9750 വളണ്ടിയര്‍മാര്‍ സജ്ജമാണ്. വീടുകള്‍ക്ക് പുറമെ സ്ഥാപനങ്ങള്‍, അതിഥി തൊഴിലാളി കേന്ദ്രങ്ങള്‍, താലക്കാലിക താമസസ്ഥലങ്ങള്‍ തുടങ്ങിയവിടങ്ങളിലെല്ലാം വളണ്ടിയര്‍മാര്‍ എത്തും.

ചടങ്ങില്‍ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.വി ഫിറോസ് ഖാന്‍, ഡി.ടി.ഒ ഡോ. ഷുബിന്‍, ജില്ല മാസ് മീഡിയ ഓഫീസര്‍ പി രാജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ പി.എം ഫസല്‍, വി ബിജുമോന്‍, സീനിയര്‍ സൂപ്രണ്ട് കെ പി ഉണ്ണിക്കൃഷ്ണന്‍, എന്‍ മുഹമ്മദ് അഷ്റഫ്, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സി.കെ സുരേഷ് കുമാര്‍, പി പ്രകാശ്, കെ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!