കയറ്റുമതി ഉല്‍പ്പന്നങ്ങളടക്കം ഉല്‍പ്പാദിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണം: മന്ത്രി സജി ചെറിയാന്‍

ഉന്നതനിലവാരമുള്ള കയറ്റുമതി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളടക്കം ഉല്‍പ്പാദിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം സഹകരണ ഭവനില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) സഫലം സംഘടിപ്പിച്ച മല്‍സ്യത്തൊഴിലാളി വനിതാ ശാക്തീകരണം എന്ന വിഷയത്തില്‍ സംസ്ഥാന തല ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മല്‍സ്യബന്ധനമല്ലാത്ത ഒരു തൊഴിലെങ്കിലും ഉണ്ടാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്.

പത്ത് ലക്ഷത്തോളം മല്‍സ്യത്തൊഴിലാളി കുടുംബാംഗങ്ങളില്‍ മൂന്ന് ലക്ഷം ആളുകള്‍ കടലില്‍ പോയി മല്‍സ്യബന്ധനം നടത്തുന്നവരാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പതിന്മടങ്ങ് വിപുലീകരണം ഇതിനായി ആവശ്യമുണ്ട്. ഇതിനായി വിപണിയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വിശകലനം ചെയ്യുകയും വേണം. അതിനനുസൃതമായി മല്‍സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്. മല്‍സ്യ വിപണിയില്‍ വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ മുന്നേറ്റം അനുകരണീയവും മാതൃകാപരവുമാണ്. ഇത്തരത്തിലുള്ള മുന്നേറ്റത്തിന് സാമ്പത്തിക സഹായം സി എസ് ആര്‍ ഫണ്ടില്‍ നിന്നു നല്‍കാന്‍ നിരവധി സ്ഥാപനങ്ങള്‍ തയാറാണ്. സഹകരണ വകുപ്പടക്കമുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപനം നടത്തി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും മേധാവികളും തയാറാകണം. സംസ്ഥാന വ്യാപകമായി ക്ലസ്റ്ററുകള്‍ രൂപീകരിച്ചും മേഖലയില്‍ പ്രവീണ്യമുള്ളവരെ നിയോഗിച്ചും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ മല്‍സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ സ്മിത ആര്‍ നായര്‍ സ്വാഗതവും സാഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്‍ നന്ദിയും അറിയിച്ചു. മല്‍സ്യഫെഡ് എം ഡി ഡോ. സഹദേവന്‍, എസ് എല്‍ ഡി സി കണ്‍വീനര്‍ പ്രദീപ് ഡി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top