വള്ളിക്കുന്ന്: കടലുണ്ടി പുഴയില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയില്‍ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതിയുടെ കീഴില്‍ കടലുണ്ടി പുഴ ഒഴുകുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് കടവിലാണ് 2.5 ലക്ഷം കരിമീന്‍ മല്‍സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
മത്സ്യം നിക്ഷേപിച്ച പുഴയില്‍ ചെറിയ കണ്ണികള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയും. കടലുണ്ടി പുഴയിലെ മത്സ്യ സമ്പത്ത് വര്‍ധനവ് ലക്ഷ്യം വെച്ച് കൊണ്ട് നടത്തി വരുന്ന പദ്ധതിയില്‍ അനധികൃത മത്സ്യ ബന്ധനം, ഊത്ത പിടുത്തം എന്നിവ തടയുന്ന നടപടികളും സ്വീകരിച്ച് വരുന്നുണ്ട്. ഇതിനായി പ്രത്യേക പരിശോധന ബോട്ടും പുഴയില്‍ ഇറക്കും.
തനത് മത്സ്യങ്ങളെ കുറിച്ചും അവയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചുമുള്ള ബോധ വത്കരണ ക്ലാസ്സുകളും പുഴ ശുചീകരണവും ഇതുമായി ബന്ധപ്പെട്ട് നടന്ന് വരുന്നുണ്ട്.
പ്രോഗ്രാം ഉദ്ഘാടനം പുഴയില്‍ മല്‍സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍ പി. എം അധ്യക്ഷത വഹിച്ചു.
പരപ്പനങ്ങാടി മത്സ്യ ഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിസ്ന. വി സ്വാഗതവും പ്രോജക്ടിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷഹിന്‍ഷാ നന്ദിയും പറഞ്ഞു. പരപ്പനങ്ങാടി ഫിഷറീസ് വകുപ്പിലെ കോഡിനേറ്റര്‍ റഈസ, പ്രൊമോട്ടര്‍മാരായ അഷ്‌റഫ് പറമ്പില്‍, വിജീഷ് എന്നിവര്‍ നേത്രത്വം നല്‍കി.



