വായ്പാ തിരിച്ചടവ് മുടങ്ങി, വീടുകളില്‍ പേര് പെയിന്റ് കൊണ്ടെഴുതി ഉടമസ്ഥാവകാശം സ്ഥാപിച്ച് ധനകാര്യ സ്ഥാപനം

കൊല്ലം ചവറയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് സ്‌പ്രേ പെയിന്റ് കൊണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളില്‍ ഉടമസ്ഥാവകാശം എഴുതി പിടിപ്പിച്ചു. സ്ഥാപനത്തിന്റെ പേരാണ് ഭിത്തിയില്‍ എഴുതിപ്പിടിപ്പിച്ചത്. ചോള ഹോം ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തവരാണ് സ്ഥാപനത്തിന്റെ ക്രൂരതയ്ക്കിരയായത്.

പണം പിരിക്കാനെത്തുന്ന ഏജന്റ് അപമര്യാദയായി പെരുമാറുന്നത് പതിവാണ്. പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ട്. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണവും ഏജന്റിനെതിരെ പരാതിക്കാര്‍ ആരോപിച്ചു. രണ്ട് മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് ചുമരുകളില്‍ ധനകാര്യ സ്ഥാപനത്തിന്റെ പേര് എഴുതിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു.

തിരിച്ചടവ് മുടങ്ങിയാല്‍ വീടിന് മുന്നില്‍ സ്റ്റിക്കര്‍ പതിക്കും. ഒരു തിരിച്ചടവ് മുടങ്ങിയാല്‍ പച്ചയും രണ്ടെണ്ണം മുടങ്ങിയാല്‍ ഓറഞ്ച് സ്റ്റിക്കറും പതിക്കും. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.

അതേസമയം ഇത്തരത്തില്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ധനകാര്യ സ്ഥാപനമായ ചോള ഹോം ഫിനാന്‍സിന്റെ വിശദീകരണം. ഏജന്റിന് പറ്റിയ വീഴ്ചയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.

 

Share news
error: Content is protected !!
Scroll to Top