
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. 890 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരചിത്രം തെളിഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ ഇനി പ്രചാരണ പരിപാടികളിലേക്ക് കൂടുതൽ സജീവമായി കടക്കും.
കഴിഞ്ഞ തവണ 957 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായത്. സ്ഥാനാര്‍ഥി പട്ടിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു.
പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്നം ലഭിച്ചില്ല. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ കെ രമയ്ക്ക് ഫുട്ബോൾ ചിഹ്നം അനുവദിച്ചില്ല. ഗോവയിലെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം ആയതിനാലാണ് ഫുട്ബോൾ അനുവദിക്കാത്തതെന്നാണ് വിശദീകരണം. പകരം ടെലിവിഷൻ ചിഹ്നമാണ് രമയ്ക്ക് അനുവദിച്ചത്. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് തെങ്ങിൻ തോപ്പ് ചിഹ്നമായി അനുവദിച്ചു. പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രൻ എൻഎംആർ റസാഖിന് കുടം ചിഹ്നമാണ് കിട്ടിയത്. കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നം കിട്ടിയില്ല. പകരം ബക്കറ്റ് ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
ഗ്ലാസ് ചിഹ്നം ആയി പോസ്റ്ററുകളടക്കം അച്ചടിച്ച് അഹമ്മദ് ദേവർകോവിൽ പ്രചാരണം തുടങ്ങിയിരുന്നു.ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നമായി കിട്ടിയത്. എലത്തൂരിലെ ഇടത് സ്ഥാർഥി എ കെ ശശീന്ദ്രന് ക്ലോക്ക് അനുവദിക്കാതിരുന്നത് തിരിച്ചടിയായി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും എകെ ശശീന്ദ്രൻ മത്സരിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ അജിത്ത് പവർ വിഭാഗം സ്ഥാനാർഥി പി കെ ശശീന്ദ്രനാണ് കിട്ടിയത്.
തിരുവനന്തപുരം സെൻട്രലിലെ യുഡിഎഫ് സ്ഥാനാർഥി സിപി ജോണിന് ചിഹ്നമായി കപ്പലും എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്ക് ക്യാമറയും ചിഹ്നമായി അനുവദിച്ചു. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റാണ് ചിഹ്നം. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




