Section

malabari-logo-mobile

ഒരു പൂ വിരിയുന്ന പോലെ

HIGHLIGHTS : എസ്. രമേശന്‍ നായരെ കുറിച്ച് ചലച്ചിത്രഗാന നിരൂപകനും എഴുത്തുകാരനുമായ വിനോദ് കുമാര്‍ തള്ളശ്ശേരി സ്മരിക്കുന്നു ചില മരണങ്ങള്‍ ഉള്ളില്‍ വല്ലാത്തൊരു നോവുണ...

എസ്. രമേശന്‍ നായരെ കുറിച്ച് ചലച്ചിത്രഗാന നിരൂപകനും എഴുത്തുകാരനുമായ വിനോദ് കുമാര്‍ തള്ളശ്ശേരി സ്മരിക്കുന്നു

ചില മരണങ്ങള്‍ ഉള്ളില്‍ വല്ലാത്തൊരു നോവുണര്‍ത്തും. മരിച്ചയാളുടെ
പ്രശസ്തിയോ അദ്ദേഹത്തോടുള്ള വ്യക്തിപരമായ അടുപ്പമോ ഒന്നുമല്ല ഈ
നോവിന് കാരണം. ശ്രീ. എസ്. രമേശന്‍ നായരുടെ വേര്‍പാട് അങ്ങനെ ഒരു
വേദന ഉള്ളില്‍ കൊണ്ടുവന്നു. അദ്ദേഹത്തെ നേരിട്ട് ഒരു പരിചയവും
എനിക്കില്ലായിരുന്നു. ധാരാളം പാട്ടുകള്‍ കേള്‍ക്കുകയും പാട്ടുകളെ കുറിച്ച്
പറയുകയും എഴുതുകയും ചെയ്യുന്ന ആളായിട്ടും അദ്ദേഹത്തിന്റെ

sameeksha-malabarinews
വിനോദ് കുമാര്‍ തള്ളശ്ശേരി

പാട്ടുകളെ കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കാതെ പോയി എന്നതാണ് ആ നോവിന്
കാരണം.

1985-ല്‍ തുടങ്ങി 2019 വരെ 650 ഓളം സിനിമാപാട്ടുകള്‍ അദ്ദേഹം
എഴുതിയിട്ടുണ്ട്. എണ്ണത്തിന്റെ കാര്യത്തില്‍ മലയാളത്തിലെ
ഗാനരചയിതാക്കളില്‍ ഏഴാമതോ എട്ടാമതോ ആണ് അദ്ദേഹത്തിന്റെ
സ്ഥാനം. പാട്ടുകളുടെ ജനപ്രിയതയുടെ കാര്യത്തിലും അദ്ദേഹം ഒട്ടും
പിന്നിലായിരുന്നില്ല. വളരെ ജനപ്രിയങ്ങളായ ധാരാളം പാട്ടുകള്‍
അദ്ദേഹത്തിന്റേതായിട്ടുണ്ട്.

പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ
‘രാക്കുയിലിന്‍ രാജസദസ്സില്‍’ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം എഴുതിയ
പാട്ടാണിത്. എം. ജി. രാധാകൃഷ്ണന്‍ ഈണമിട്ട് യേശുദാസ് പാടിയ പാട്ട്.
കുടുംബത്തെ പറ്റിയുള്ള നമ്മുടെ പാരമ്പര്യ സങ്കല്പത്തില്‍ ഭാര്യയെ ഇത്ര
നന്നായി വരച്ചിട്ട വേറൊരു പാട്ടില്ല തന്നെ.
കണ്ണുനീര്‍ തുള്ളിയില്‍ മഴവില്ല് തീര്‍ക്കുന്ന
സ്വര്‍ണപ്രഭാമയി ഭാര്യ
കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ
സ്ത്രീപുരുഷ തുല്യത കുടുംബത്തില്‍ വേണമെന്ന ആശയം കൂടുതല്‍
ശക്തിയാര്‍ജിക്കുന്ന ഇക്കാലത്ത് ഈ പാട്ടിന്റെ രാഷ്ട്രീയം തീര്‍ച്ചയായും
ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ ആ പാട്ടിന്റെ വരികളുടെ സൗന്ദര്യം
എടുത്തുപറയേണ്ടതായിട്ടുണ്ട്.

‘അച്ചുവേട്ടന്റെ വീട്’ എന്ന സിനിമയില്‍ വിദ്യാധരന്‍ മാഷ് ഈണമിട്ട്
യേശുദാസ് ആലപിച്ച പാട്ടുണ്ട്. വീട്, കുടുംബം എന്നിവയെ പറ്റിയുള്ള
തികച്ചും പരമ്പരാഗത ഹൈന്ദവ സങ്കല്പത്തിലുള്ള വരികള്‍.
മുറ്റത്ത് കിണറ്റില്‍ കുളിര്‍വെള്ളത്തോട്
മുത്തും പവിഴവും തോല്‍ക്കേണം

കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍
കാലം വിടുപണി ചെയ്യേണം
സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍
സൗഭാഗ്യം പിച്ചവെച്ച് നടക്കേണം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
ചന്ദനം മണക്കുന്ന പൂന്തോട്ടവും ചന്ദ്രിക മെഴുകിയ മണിമുറ്റവും ഉമ്മറത്ത്
നിലവിളക്ക് കൊളുത്തുന്ന അമ്പിളിയമ്മാവനും സന്ധ്യയ്ക്ക് ഉച്ചത്തിലുയരുന്ന
നാമജപവും. പഴയകാല തലമുറയ്ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന വീടിന്റെ
വാങ്മയചിത്രം. ഇനി വേറൊരു പാട്ട് നോക്കാം. ഇതൊരു പ്രണയഗാനമാണ്.
വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍
സ്വര്‍ണമരാളങ്ങളായിരുന്നു
അവയുടെ ഈറന്‍ തൂവല്‍ തുടിപ്പില്‍
അനുഭവമന്ത്രങ്ങളുണര്‍ന്നൂ
എല്ലാം എല്ലാം നാം മറന്നൂ
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞൂ
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞൂ
‘വിചാരണ’ എന്ന സിനിമയില്‍ ചിത്ര പാടിയ മനോഹരഗാനമാണിത്.
ഈണമിട്ടിരിക്കുന്നത് ഔസേപ്പച്ചന്‍. എസ്. രമേശന്‍ നായരുടെ സുന്ദരമായ
ഭാവനയ്ക്കുള്ള ദൃഷ്ടാന്തമാണീ പാട്ട്.

വളരെ ജനപ്രിയമായ കുറെ സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം
പാട്ടുകളെഴുതിയിട്ടുണ്ട്. അനിയത്തി പ്രാവ്, മയില്‍പീലിക്കാവ്, പഞ്ചാബി
ഹൗസ്, ഗുരു , തുടങ്ങിയവ ഉദാഹരണം. അത് പോലെ തികച്ചും
ജനപ്രിയമായ സംഗീത സംവിധായകരായ ജോണ്‍സണ്‍, രവീന്ദ്രന്‍,
ഔസേപ്പച്ചന്‍, ഇളയരാജ, ബേണി ഇഗ്‌നേഷ്യസ് തുടങ്ങി ടോമിന്‍. ജെ.
തച്ചങ്കരി, സഞ്ജീവ് ബാബു, നാദിര്‍ഷ, വില്‍സണ്‍ തുടങ്ങി അത്ര
ലബ്ധപ്രതിഷ്ഠരല്ലാത്ത സംഗീതഞ്ജര്‍ക്കൊപ്പവും അദ്ദേഹം പാട്ടുകള്‍ ചെയ്തു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ക്ക് പാട്ടുകളെഴുതിയത്
ഒരുപക്ഷേ രമേശന്‍ നായരായിരിക്കും. ഏകദേശം 120-ഓളം ആല്‍ബങ്ങള്‍ക്ക്
അദ്ദേഹം പാട്ടുകളെഴുതിയിട്ടുണ്ട്. അതില്‍ തന്നെ ഏറെയും ഭക്തി ഗാനങ്ങള്‍.
എഴുതിയ ഭക്തിഗാനങ്ങളില്‍ പോലും അദ്ദേഹത്തിന്റെ വ്യത്യസ്തമായ
ശൈലി കാണാന്‍ കഴിയും. ദൈവങ്ങളുടെ പര്യായങ്ങളും സ്തുതികളും
മാത്രമുണ്ടായിരുന്ന ഭക്തിഗാനങ്ങളില്‍ അദ്ദേഹം തന്റെ കവിത്വത്തിന്റെ
ശക്തി കൊണ്ട് മാറ്റങ്ങള്‍ വരുത്തി.

ചെമ്പയ്ക്ക് നാദം നിലച്ചപ്പോള്‍ തന്റെ
കണ്ഠം കൊടുത്തവനേ
പാഞ്ചജന്യം കൊടുത്തവനേ
1993-ല്‍ പുറത്തുവന്ന ‘മയില്‍പീലി’ എന്ന ആല്‍ബത്തിലെ പാട്ടാണിത്.
ജയവിജയ ഈണമിട്ട് യേശുദാസ് പാടിയ മനോഹരമായ പാട്ട്. ശ്രീകൃഷ്ണ
ഭക്തരല്ലാത്തവരില്‍ പോലും സന്തോഷമുണ്ടാക്കുന്ന പാട്ട്.

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ
പറയൂ നിനക്കേറ്റം ഇഷ്ടം
പക്ഷേ പകല്‍ പോലെ ഉത്തരം സ്പഷ്ടം
ഇതേ ആല്‍ബത്തിലെ വേറൊരു പാട്ടാണിത്. ഭക്തിഗാനങ്ങളെ കേവല
ഭക്തിക്കപ്പുറം മികച്ച പാട്ടനുഭവമാക്കി മാറ്റാന്‍ രമേശന്‍ നായര്‍ക്കും
ജയവിജയയ്ക്കും കഴിഞ്ഞിരിക്കുന്നു.
‘എല്ലാം സ്വാമിക്കായ്’ എന്ന പേരില്‍ ഒരു അയ്യപ്പ ഭക്തിഗാന ആല്‍ബം
ചെയ്തിട്ടുണ്ട് രമേശന്‍ നായരും വിദ്യാധരന്‍ മാസ്റ്ററും ചേര്‍ന്ന്. അതിലൊരു
പാട്ട് ഇങ്ങനെയാണ്.
നിലാവേ വാ വാ
ഈ പമ്പാ തീരത്ത് വിരിവെച്ച് താ
എല്ലാം മറന്ന് ഞാനിരുന്നോട്ടെ
എന്റെ വില്ലാളി വീരനെ കണ്ടോട്ടെ
എന്തൊരു മനോഹരമായ സങ്കല്പം. ഭക്തിഗാനങ്ങളെ പോലും രമേശന്‍
നായര്‍ എങ്ങനെ സുന്ദരമായ ഗാനശില്‍പങ്ങളാക്കി മാറ്റിയെന്നത് ഇത്തരം
പാട്ടുകള്‍ കാണിച്ചു തരുന്നുണ്ട്.

പക്ഷേ രമേശന്‍ നായര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നമ്മള്‍ കൊടുത്തോ
എന്നുള്ളത് ഒരു ന്യായമായ സംശയമാണ്. മലയാളത്തിലെ സിനിമാ,
ആല്‍ബം ഗാനങ്ങളുടെ വിപുലമായ ശേഖരം സൂക്ഷിക്കുന്നയാളാണ്
എടപ്പാളിലെ മധു. മധു രമേശന്‍ നായരുടെ അടുത്ത സുഹൃത്ത്
കൂടിയായിരുന്നു. മധു പറയുന്നത് മലയാളത്തില്‍ ഇടതുപക്ഷത്തോട്
ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ അംഗീകാരം കിട്ടാറുള്ളൂ എന്നാണ്.
അത് ശരിയാണെന്നുള്ള അഭിപ്രായം ഇല്ല. 2010-ല്‍ കേരള സാഹിത്യ
അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡും ആശാന്‍ പ്രൈസും
2018-ല്‍ കേന്ദ്ര സഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സിനിമയില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്ത നിരവധി പേരുണ്ട്.
അര്‍ജുനന്‍ മാഷ്‌ക്ക് തന്റെ സിനിമാജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്
ഒരു സംസ്ഥാന അവാര്‍ഡ് പോലും കിട്ടുന്നത്. മാലയാളികളുടെ പ്രിയപ്പെട്ട
ബാബുരാജിന് ഒരിക്കല്‍ പോലും അവാര്‍ഡ് കിട്ടിയിട്ടില്ല എന്നത് കൂടി
ഇതിനോടൊത്ത് വായിക്കേണ്ടതാണ്. സിനിമയില്‍ കഴിവ് ഉണ്ടായത് കൊണ്ട്
മാത്രം അംഗീകാരം കിട്ടണമെന്നില്ല. അതിന് സ്വയം പ്രകടിപ്പിക്കാനുള്ള
പ്രതിഷ്ഠിക്കാനുള്ള സാദ്ധ്യത കൂടി പ്രധാനമാണ്.
ആ നല്ല കവിയുടെ, ഗാനരചയിതാവിന്റെ വിയോഗത്തില്‍ ശ്രദ്ധാഞ്ജലി
അര്‍പ്പിക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!