സുരക്ഷിത വിദേശ കുടിയേറ്റത്തിന് നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി, അഞ്ചാം ലോക കേരള സഭയ്ക്ക് വിജയകരമായ സമാപനം

 

ജനുവരി 29 മുതല്‍ 31 വരെ ചേര്‍ന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് വിജയകരമായ സമാപനം. സജീവമായ ചർച്ചകളും വിലപ്പെട്ട നിർദ്ദേശങ്ങളുമാണ് സമ്മേളനത്തില്‍ ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എട്ട് വിഷയങ്ങളിലും, ഏഴ് മേഖല സമ്മേളനങ്ങളിലുമായി നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 15 ആം പഞ്ചവത്സര പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ ചർച്ചകൾ നടന്നത്. ഇത് അഞ്ചാം ലോക കേരള സഭയുടെ പ്രധാന ആകർഷകമാണ്. സുരക്ഷിത കുടിയേറ്റമാണ് പ്രധാനപ്പെട്ടത്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എമിഗ്രേഷൻ നിയമത്തിന്റെ ഒന്നാം കരട് 2019 ലും രണ്ടാം കരട് 2021 ലാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് 2025 ൽ ഓവർസീസ് മൊബിലിറ്റി ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ ബില്ലും പ്രസിദ്ധീകരിച്ചു. പഴയ കരട് ബില്ലുകളിൽ നിന്നും കാതലായ മാറ്റങ്ങളോടെയാണ് പുതിയ ബിൽ. സാധാരണക്കാരായ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണോ ഈ ബിൽ എന്ന സംശയം പൊതുവേ ഉയർന്നു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പ്രവാസികള്‍ക്കും കുടുംബത്തിനുമായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയായ നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളേയും കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .

 

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, അനധികൃത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ ഗുരുതരമായ കാര്യങ്ങളാണ്. 2024-ൽ മാത്രം ഈ ഗണത്തിൽ 1300 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പൊതുബോധം ഉയർത്താൻ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനും കുറ്റകൃത്യങ്ങൾ വ്യാപിക്കാതിരിക്കാനും ഇടപെടേണ്ടതുണ്ട്. ഇതിനാലാണ് നിലവിലെ എൻ ആർ ഐ പോലീസ് സെല്ലിന് പകരമായി പ്രവാസികൾക്ക് നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സംവിധാനമെന്ന നിലയില്‍ പ്രവാസി പേലീസ് സ്റ്റേഷന്‍ നിലവില്‍ വരിക. വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങൾ യൂണിവേഴ്സിറ്റികൾ സംബന്ധിച്ച വിവരങ്ങൾ കോഴ്സുകൾ, സ്കോളര്‍ഷിപ്പുകള്‍ ഇവയെല്ലാം വ്യക്തമാക്കുന്നതാണ് ലോക കേരള സഭയില്‍ ഉദ്ഘാടനം ചെയ്ത നോര്‍ക്ക സ്റ്റുഡൻറ് മൈഗ്രേഷൻ പോർട്ടലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ ഭാഷാ പഠനത്തിനായുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസില്‍ ജാപ്പാനീസ് ഉൾപ്പെടെയുള്ള വിദേശ ഭാഷാ പഠനത്തിനും അവസരമൊരുക്കും. സുരക്ഷിത പ്രവാസത്തിന് ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവർ അംഗങ്ങളായുള്ള ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിക്കും.

 

പ്രവാസികളുടെയും തിരികെ വന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനസംയോജനത്തിനുമായാണ് പ്രവാസി മിഷൻ. തിരികെ വന്ന പ്രവാസികളുടെ നൈപുണ്യ വിവരണങ്ങൾ നോർക്ക പോർട്ടൽ വഴി ശേഖരിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക കേരള സഭയിലുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ 21 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സ്പീക്കർ എ.എൻ ഷംസീർ സമാപന പ്രസംഗം നിർവഹിച്ചു. നിരവധി ക്രിയാത്മക നിർദേശങ്ങൾ അഞ്ചാം ലോക കേരള സഭയിൽ ഉയർന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനും കേരള വികസനത്തിനും ഇവ സഹായകമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

 

നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ജനുവരി 30, 31 തീയതികള്‍ ചേര്‍ന്ന അഞ്ചാം ലോക കേരള സഭയില്‍ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം കേരളീയ പ്രവാസി പ്രതിനിധികൾ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്‌റ്റിൻ, കെ കൃഷ്ണൻകുട്ടി, എ. കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ ബി ഗണേഷ് കുമാർ, വി ശിവൻകുട്ടി, ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പി മാര്‍, എം.എല്‍.എ മാര്‍, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ്‌ ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ, വൈസ് ചെയർമാൻ എം എ യൂസഫലി, നോര്‍ക്ക റൂട്ട്സ് ഡയറക്ടർമാരായ ഡോ. രവി പിള്ള, ഒ.വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടി വി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ‘നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. ജനുവരി 29 ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തോടെയാണ് ലോക കേരള സഭയ്ക്ക് തുടക്കമായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top