ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം പറ്റുമെങ്കില്‍ കഴിവതും ഒരൊറ്റ സിറ്റിംഗില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് , ജെ ബി പര്‍ദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. പീഡനക്കേസുകളില്‍ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകുന്ന നിലയുണ്ടാവാന്‍ പാടില്ല.
വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണം. വിസ്താരത്തില്‍ എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താന്‍. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ വിസ്താരത്തില്‍ നിന്നും ഒഴിവാക്കണം.
അതിജീവിത കോടതിയിലെത്തി മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.




