കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎം പഞ്ചായത്ത് അംഗവും സംഘവും വീടു കയറി ആക്രമിച്ചു. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍ , ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
സിപിഐഎം തൃക്കൊടിത്താനം പഞ്ചായത്ത് മെമ്പര്‍ ബൈജു വിജയനും സംഘവുമാണ് ആക്രമണത്തിന് പിന്നില്‍. വ്യാഴാഴ്ച രാത്രി മനുകുമാറിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറി ഇരുവരെയും കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ആറ് പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഭവനഭേദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതിര്‍ത്തി തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
എന്നാല്‍, സി.പി.എമ്മിന് സ്വാധീനമുള്ള മേഖലയില്‍ പുതിയ യൂണിറ്റ് രൂപവത്കരിച്ച് പ്രവര്‍ത്തനം സജീവമാക്കിയതാണ് ആക്രമണത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.




