Section

malabari-logo-mobile

അതിജീവിതയ്‌ക്കെതിരായ കോടതി പരാമര്‍ശം ദൗര്‍ഭാഗ്യകരം; ദേശീയ വനിതാ കമ്മീഷന്‍

HIGHLIGHTS : The court reference against Atijeeva is unfortunate; National Commission for Women

ദില്ലി: സിവിക് ചന്ദ്രന്‍ കേസില്‍ കോടതി പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നിയമ നടപടിക്കൊരുങ്ങുന്നു. റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളെ ദേശീയ വനിത കമ്മീഷന്‍ അപലപിച്ചു. ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ വിമര്‍ശനം.

കോടതിയുടെ പരാമശങ്ങള്‍ അതീവ ദൗര്‍ഭാഗ്യകരമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചുവെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി. കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിഷയത്തില്‍ ദേശീയ വനിത കമ്മീഷനും പ്രതികരിക്കുന്നത്.

sameeksha-malabarinews

എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശമുണ്ടായത്. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് പരാതിക്കാരിയുടെ തീരുമാനം. അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്.

സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഇന്നലെ പ്രതികരിച്ചിരുന്നു.

തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു ഇത്തരം പരാമ‍ർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യമാണെന്നും സതീദേവി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!