
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതല്‍ കേന്ദ്ര സേനയെ ദില്ലിയില്‍ വിന്യസിച്ചു. ദില്ലിയിലെ ലാല്‍ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ‘ ഓപ്പറേഷന്‍ സിന്ദൂര്‍ ‘ എന്ന പേരിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
ജമ്മു കശ്മീരില്‍ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി അടച്ചത്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയര്‍ ഇന്ത്യ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗര്‍ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം അറിയിച്ചു. പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരരുടെ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം.
അതിര്‍ത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അടക്കം മാറ്റി സുരക്ഷ മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രത്യേക മന്ത്രിസഭാ യോഗവും ചേരും.
പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയെത്തുടര്‍ന്ന് വ്യോമഗതാഗതം ഭാഗികമായി താറുമാറായി. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ദില്ലിയിലേക്ക് തിരിച്ചുവിട്ടതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.
പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചതിന് ശേഷമാണ് തടസ്സം ഉണ്ടായത്. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ നടപടി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യന്‍ സൈന്യവും നാവികസേനയും വ്യോമസേനയും സംയുക്തമായി പുലര്‍ച്ചെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജയ്‌ഷെ, ലഷ്‌കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‌രികെയിലെ ലഷ്‌കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‌രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം.
ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവല്‍പൂരിലും മുദ്‌രികെയിലുമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകര്‍ത്തത്.
ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളുടെയും സംവിധാനങ്ങള്‍ ആക്രമണങ്ങളില്‍ ഉപയോഗിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കാമികാസെ ഡ്രോണുകളും സൈന്യം ഉപയോഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



