
ന്യൂഡൽഹി: ഇന്ന് രാജ്യം എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവിൽ വന്നതിന്‍റെ വാർഷികമാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും.ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പ്രസിഡന്റ് ദ്രൗപതി മുർമു നേതൃത്വം നൽകും. തിങ്കളാഴ്ച രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകൾ 90-മിനിറ്റു നീളും. കരസേനയുടെ ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് ലഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാർ പരേഡിന് നേതൃത്വം നൽകും.
റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കും.യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്് ഉർസുല ഫൊണ്ടെ ലെയ്ൻ എന്നിവരാണ് ചടങ്ങിലെ വിശിഷ്ടാതിഥികൾ.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പാക് ഭീകരകേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായി സിന്ദൂർ ഫോർമേഷൻ എന്ന പേരിൽ പ്രത്യേക വിമാനങ്ങളുടെ അഭ്യാസപ്രകടനം ഡൽഹിയിൽ നടക്കും. റഫാൽ, സുഖോയ് പോർ വിമാനങ്ങൾ ആകാശത്ത് വിസ്മയം തീർക്കും. 29 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനങ്ങളുടെ ഭാഗമാകും. 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണ കേരളത്തിന്റെ നിശ്ചലദൃശ്യവും പരേഡിൽ ഉണ്ടാകും.
ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രതയാണ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലെക്കർ അഭിവാദ്യം സ്വീകരിക്കും. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ പരേഡിൽ അണിനിരക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




