അരീക്കോട് ‘ഇന്റര്‍വല്‍’ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനം മുഖ്യമന്ത്രി

ഫിന്‍ലാന്‍ഡിലെ ടാലന്റ് ബൂസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍വല്‍’ എന്ന എഡ് ടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ഇന്റര്‍വെല്‍. ഇന്ന് ചേര്‍ന്ന പ്രഭാത യോഗത്തില്‍ ഇന്റര്‍വല്‍ കമ്പനിയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാര്‍ട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റര്‍വെല്‍ വിദ്യാഭ്യാസസാങ്കേതിക സേവനം നല്‍കുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്രധനകാര്യ മന്ത്രിക്കും എടുത്തു പറയേണ്ടി വന്നു. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2022 ഒക്ടോബറില്‍ കേരള സംഘം ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. കേരളവും ഫിന്‍ലാന്‍ഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിന്‍ലാഡുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു അന്നത്തെ സന്ദര്‍ശനം. വയോജനങ്ങളുടെ സംഖ്യ വര്‍ധിച്ചുവരുന്ന ഒരു ഏയ്ജിങ് സൊസൈറ്റിയാണ് ഫിന്‍ലാന്‍ഡ്. പ്രായം കുറഞ്ഞവരുടെ സംഖ്യ കുറഞ്ഞ അവിടെ നൈപുണ്യമുള്ളവരുടെ അപര്യാപ്തത സ്വാഭാവികമായും ഉണ്ട്. ഈ ‘സ്‌കില്‍ ഷോര്‍ട്ടേജ്’ നികത്താനാണ് ഫിന്നിഷ് ഗവണ്മെന്റ് ‘ടാലന്റ് ബൂസ്റ്റ് പ്രോഗ്രാം’ എന്ന വിപുലമായ പദ്ധതി ആസൂത്രണം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കഴിവുള്ള യുവാക്കളെ ഫിന്‍ലാന്‍ഡിലേക്ക് ക്ഷണിക്കാനാണ് അവര്‍ തീരുമാനിച്ചത്. അവരുടെ പ്രധാന ടാര്‍ഗറ്റ് രാജ്യം ഇന്ത്യയായിരുന്നു. ഇന്ത്യയില്‍ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാന്‍ ആദ്യമായി ഒരു സംഘത്തെ ഫിന്‍ലാന്‍ഡിലേക്ക് അയച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

4800 സ്റ്റാര്‍ട്ടപ്പുകള്‍, 64 ഇന്‍കുബേറ്ററുകള്‍, 450 ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു. ലോകോത്തര സാങ്കേതിക വിദ്യകള്‍ക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാര്‍ഗനിര്‍ദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ല്‍ കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് സമുച്ചയം യാഥാര്‍ഥ്യമാക്കി. കേരളത്തെ നവ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 4,800ല്‍ പരം സ്റ്റാര്‍ട്ടപ്പുകള്‍ വഴി 50,000 തൊഴിലുകളാണ് സൃഷ്ടിച്ചത്.

2021-22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്‌സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം ലഭിച്ചു. ഡിപിഐഎടിയുടെ റാങ്കിങ്ങില്‍ 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. സാമൂഹിക ഉന്നമനത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യില്‍ പണമുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല. അതിന് കഠിനാധ്വാനവും ഉള്‍ക്കാഴ്ചയുമാണ് വേണ്ടത്. ഇങ്ങനെ ലക്ഷ്യബോധത്തോടെയുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഉദാഹരണമാണ് അരീക്കോട്ടെ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ വിജയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top