മുഖ്യമന്ത്രിയും സംഘവും നാളെ യുഎസ്, ക്യൂബ സന്ദര്‍ശനത്തിന് പുറപ്പെടും

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നാളെ പുലര്‍ച്ചെ യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി പുറപ്പെടും. ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 10ന് രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ലോകകേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജൂണ്‍ ഒമ്പതിന് വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ 9/11 മെമ്മോറിയല്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

ജൂണ്‍ 11ന് മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ ചേരുന്ന ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ പ്രവാസി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അന്ന് വൈകീട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

ജൂണ്‍ 12 ന് വാഷിംഗ്ടണ്‍ ഡിസി യില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജൂണ്‍ 13ന് മാരിലാന്‍ഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് മനസ്സിലാക്കും. ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്നും ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15, 16 തീയതികളില്‍ ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാര്‍ട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും.

അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടെ ഉള്ള യാത്ര ധൂര്‍ത്ത് എന്ന ആക്ഷേപം ആണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്നും മുഖ്യമന്ത്രി ധന വകുപ്പിനെ ഓര്‍മ്മിപ്പിച്ചു. പണമില്ലാത്തതിന്റെ പേരില്‍ ക്ഷേമ പെന്‍ഷന്‍ അടക്കം സാധാരണക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ മുടങ്ങരുതെന്നും മുന്‍ഗണനാ ക്രമം നിശ്ചയിക്കമെന്നും ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top