കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്ര മുടങ്ങി

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡല്‍ഹിയിലെ റെസിഡന്റ് കമ്മിഷണര്‍ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

വ്യാഴാഴ്ച രാത്രി 9.20ന് പുറപ്പെടേണ്ട വിമാനത്തിലാണ് മന്ത്രി കുവൈത്തിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. അവസാന നിമിഷം വരെ കാത്തു എന്നാല്‍ യാത്രയ്ക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി.തുടര്‍ന്ന് മന്ത്രി വിമാനത്താവളത്തില്‍ നിന്നും മടങ്ങി. അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തില്‍ തുടരുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. കുവൈത്തില്‍ മരണപ്പെട്ട 49ല്‍ 23 പേരും മലയാളികളാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാള്‍കൂടി മലയാളിയാണെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കുവൈത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരില്‍ നിരവധി മലയാളികളുണ്ടെന്നും അവരെ സന്ദര്‍ശിക്കാനും ഉദ്ദേശിച്ചിരുന്നു യാത്രയെന്നും കൊച്ചി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വീണ ജോര്‍ജ് വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top