ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഫോണ്‍ നമ്പറുകള്‍ തത്സമയം തന്നെ ബ്ലോക്ക് ചെയ്യാനുള്ള സാധ്യതകള്‍ തേടിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക എന്ന ഉദേശത്തോടെയാണ് പുതിയ ശ്രമം.
ഇതിനുപുറമെ രാജ്യത്താകെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് ഉണ്ടാക്കുന്നകാര്യത്തെകുറിച്ചുള്ള ചര്‍ച്ചകളും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഡാറ്റാബേസ് ഉപയോഗിച്ച് പെട്ടെന്നുതന്നെ കുറ്റവാളികളെ പിന്തുടരാനും കണ്ടെത്താനും സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രിയുടേയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിജിപി – ഐജിപി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
2020 ല്‍ മാത്രം രാജ്യത്ത് 50,035 സൈബര്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ കണക്ക് 2019 ലുള്ളതിനേക്കാള്‍ 11.8 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോള്‍ നിലവിലുള്ള ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ കൂടുതല്‍ കാര്യക്ഷമമാക്കി രാജ്യത്തെ ഏതൊരാള്‍ക്കും
നേരിട്ട് പരാതികള്‍ അറിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.




