തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗിയും എഞ്ചിനും വേര്‍പ്പെട്ടു. എറണാകുളം ടാറ്റ നഗര്‍ എക്സ്പ്രസിന്റെ ബോഗിയും എഞ്ചിനുമാണ് വേര്‍പ്പെട്ടത്. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എഞ്ചിനോട് ചേര്‍ന്നുള്ള ബോഗിക്ക് ശേഷമുള്ള ബാക്കി ബോഗികള്‍ വേര്‍പ്പെട്ട് പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റി. തൃശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നു. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുന്‍പാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ടത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നതിനാല്‍ വേഗത കുറവായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു.
ഒരു മണിക്കൂറിന് ശേഷമാണ് ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ മാറ്റിയത്. ഷൊര്‍ണൂരില്‍ നിന്നടക്കം റെയില്‍വേ ജീവനക്കാരെ എത്തിച്ചാണ് ബോഗികള്‍ കൂട്ടിഘടിപ്പിച്ചത്. ട്രെയിന്‍ നിലവില്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ്. കൂട്ടിച്ചേര്‍ത്ത ബോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമായിരിക്കും യാത്ര തുടരുകയൊള്ളു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.




