കണ്ണീരോര്‍മയായി അര്‍ജുന്‍;നിരവധി പേരുടെ അന്തിമോപചാരം ഏറ്റുവാങ്ങിയശേഷം അര്‍ജുന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു

കോഴിക്കോട്:കര്‍ണാടകയില്‍ ഉത്തരകന്നട ജില്ലയിലെ ഷിരൂരില്‍ പുഴയിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായി, പിന്നീട് വീണ്ടെടുത്ത കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ (32)മൃതദേഹം ശനിയാഴ്ച ഉച്ച 12 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

പൊതുദര്‍ശനത്തിനുശേഷം സഹോദരന്‍ അഭിജിത്ത് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

നേരത്തെ കാര്‍വാറില്‍ നിന്ന് മൃതദേഹവുമായി എത്തിയ ആംബുലന്‍സ് കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ ആറു മണിക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് മന്ത്രി ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ കെ രമ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ണാടിക്കലിലെ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നു.

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പ്പെ ഉള്‍പ്പെടെയുള്ളവര്‍ ആംബുലന്‍സിനെ കാര്‍വാറില്‍ നിന്ന് അനുഗമിച്ചിരുന്നു.

മന്ത്രി എ കെ ശശീന്ദ്രന് പുറമെ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, മേയര്‍ ബീന ഫിലിപ്പ്, എംപിമാരായ എംകെ രാഘവന്‍, ഷാഫി പറമ്പില്‍, എംഎല്‍എമാരായ
തോട്ടത്തില്‍ രവീന്ദ്രന്‍, അഹ്‌മദ് ദേവര്‍കോവില്‍, ലിന്റോ ജോസഫ്, കാനത്തില്‍ ജമീല, കെ എം സച്ചിന്‍ദേവ്, സതീഷ് കൃഷ്ണ സെയില്‍, എ കെ എം അഷ്റഫ്, കെ കെ രമ, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രിയ്ക്ക് വേണ്ടി മന്ത്രി ശശീന്ദ്രനും സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

അര്‍ജുനെ അവസാനമായി കാണാന്‍ എത്തിച്ചേര്‍ന്ന നൂറുകണക്കിന് പേര്‍ വരി നിന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് വീടിന് പിന്‍വശത്തെ സ്ഥലത്ത് മൃതദേഹം സംസ്‌കരിച്ചു.

Share news
error: Content is protected !!
Scroll to Top