മകളെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ ആറുവര്‍ഷത്തിനുശേഷം രാജസ്ഥാനില്‍ നിന്ന് പിടികൂടി

മലപ്പറം: മകളെ പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലായി. മലപ്പുറം (Malappuram) പെരുമ്പടപ്പ് പോലീസ് രാജസ്ഥാനിലെത്തിയാണ് ഇതര സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടിയത്. ബീഹാറുകാരനായ അമ്പതുകാരനാണ് പോലീസ് പിടിയിലായത്. ബീഹാര്‍ സ്വദേശിയായ ഭാര്യയുടെ മരണ ശേഷം ഇയാള്‍ മലയാളിയായ യുവതിയെ വിവാഹം കഴിച്ച് പെരുമ്പടപ്പിലായിരുന്നു താമസം. ആദ്യ ഭാര്യയിലെ പ്രായ പൂര്‍ത്തിയാവാത്ത ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

പീഡിപ്പിച്ചത് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ മകളെ ഭീഷണിപെടുത്തിയിരുന്നു. അതുകാരണം ബംഗാളികളായ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അതിലാണ് ഗര്‍ഭിണിയായതെന്നുമാണ് കുട്ടി പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അച്ഛനാണ് പ്രതിയെന്ന് വ്യക്തമായത്. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതിക്കെതിരെ പോക്‌സോ കേസാണ് എടുത്തിട്ടുള്ളത്. നാടുവിട്ടാല്‍ പ്രതിയെ വീണ്ടും പിടികൂടാനുള്ള ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്ന് പോലീസ് പറഞ്ഞു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുമെന്നും പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top