രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 9ന് നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കും. നേരത്തെ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരുന്നു കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്.

എന്നാല്‍ ഇത്തവണ സമ്പൂര്‍ണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ബജറ്റിന് തലേന്ന് നിയമസഭയില്‍ സമര്‍പ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാല്‍ കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയും ഇന്നറിയാം.

ബജറ്റില്‍ കൊറാണാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കെ റെയില്‍ പോലുള്ള സര്‍ക്കാരിന്റെ പ്രധാന പദ്ധതികളുടെ ഭാവി നടപടി ക്രമങ്ങള്‍ സംബന്ധിച്ചും ബജറ്റില്‍ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നികുതി വര്‍ദ്ധനയുടെ സൂചനകളുമുണ്ട്.

 

Share news
error: Content is protected !!
Scroll to Top