HIGHLIGHTS : The 97th Oscar Awards ceremony is underway; Kieran Culkin wins Best Supporting Actor
97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ ലോസ് ഏഞ്ചല്‍സില്‍ പുരോഗമിക്കുന്നു. കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍. ജെസ്സി ഐസന്‍ബെര്‍ഗിന്റെ ‘എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കീരണ്‍ കള്‍ക്കിന് പുരസ്‌കാരം. സോ യാദിര സല്‍ഡാന-പെറെഗോയാണ് മികച്ച സഹനടി. ജാക്വസ് ഓഡിയാര്‍ഡ് എഴുതി സംവിധാനം ചെയ്ത് സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഫ്രഞ്ച് മ്യൂസിക്കല്‍ ക്രൈം ചിത്രമായ ‘എമിലിയ പെരെസ്’ ലെ തകര്‍പ്പന്‍ പ്രകടനമാണ് സോയെ ഓസ്‌കറിലെത്തിച്ചത്.
ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് ഇന്ന് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. പതിവുപോലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. സ്റ്റാര്‍ മൂവീസിലും ഹോട്ട്സ്റ്റാറിലും പ്രഖ്യാപന ചടങ്ങ് തത്സമയമായി കാണാന്‍ സാധിക്കും.
കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തിയിട്ടുണ്ട്. മികച്ച ചിത്രം, നടന്‍, നടി ഇനങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ‘ഫ്ലോ’ പുരസ്‌കാരം നേടിയിട്ടുണ്ട്. ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ ലാത്വിയന്‍ ചിത്രമാണ് ഫ്ലോ. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഒരു പൂച്ചയുടെ സാഹസിക യാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിന്റ്സ് സില്‍ബലോഡിസ് ആണ് സംവിധായകന്‍.
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായി ‘അനുജ’ ഉണ്ട്. മികച്ച സിനിമയ്ക്കുള്ള ഓസ്‌കാറിനായി മത്സരിക്കുന്ന 10 ചിത്രങ്ങളില്‍ സ്പാനിഷ് ഭാഷയിലുള്ള ഫ്രഞ്ച് ചിത്രം എമീലിയ പെരസ് ആണ് മുന്നില്‍. 13 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഇതര ചിത്രം ഓസ്‌കാറില്‍ ഇത്രയധികം നോമിനേഷനുകള്‍ നേടുന്നത്. മികച്ച നടിയ്ക്കായി ദ സബ്സ്റ്റന്‍സിലെ പ്രകടനത്തിന് ഡെമി മൂറും അനോറയിലെ പ്രകടനത്തിന് മൈക്ക് മാഡിസനുമാണ് മുന്നില്‍. മികച്ച നടനായി ദ ബ്രൂട്ടലിസ്റ്റിലെ ഏഡ്രിയന്‍ ബ്രോഡിയും എ കംപ്ലീറ്റ് അണ്‍നോണിലെ തിമോത്തി ഷലമേയും മത്സരിക്കുന്നുണ്ട്. എമിലിയ പെരസിന്റെ സംവിധായകന്‍ ഷാക് ഓഡിയയും അനോറയുടെ ഷോണ്‍ ബക്കറുമാണ് മികച്ച സംവിധായകനുള്ള മത്സരത്തില്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു