
63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ എന്‍ ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും.
തുടര്‍ന്ന് ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. വയനാട് വെള്ളാര്‍മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
25 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും.
പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ നൃത്തരൂപങ്ങള്‍.
സംസ്‌കൃതോത്സവം ഗവ. മോഡല്‍ എച്ച്.എസ്.എസ്., ഗവ. മോഡല്‍ എല്‍.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാള്‍ തൈയ്ക്കാട്, ഗവ. മോഡല്‍ എച്ച്.എസ്.എസ്. തൈയ്ക്കാട് എന്നീ വേദികളിലുമാണ് നടക്കുന്നത്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്‌സിബഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
സ്വര്‍ണകപ്പ് ഘോഷയാത്ര ഇന്നെത്തും
കാസര്‍കോട് നിന്ന് ആരംഭിച്ച സ്വര്‍ണകപ്പ് ഘോഷയാത്ര ഇന്ന് (ജനുവരി 3) രാവിലെ തിരുവനന്തപുരം ജില്ലയില്‍ എത്തിച്ചേരും. വിവിധ സ്‌കൂളുകളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പി.എം.ജി. യില്‍ എത്തിച്ചേരുന്ന ഘോഷയാത്രയില്‍ മന്ത്രി വി ശിവന്‍ കുട്ടി സ്വര്‍ണകപ്പ് ഏറ്റുവാങ്ങും. തുടര്‍ന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.
രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍
സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ (ജനുവരി 3) 10 മുതല്‍ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകള്‍ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. നാളെ മുതല്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന മത്സരാര്‍ത്ഥികളെ രജിസ്‌ട്രേഷന്‍ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് മേളയ്‌ക്കെത്തുന്ന വാഹനങ്ങളില്‍ പ്രത്യേക തിരിച്ചറിയല്‍ കോഡുകളോട് കൂടിയ സ്റ്റിക്കറുകള്‍ പതിക്കും.
ഭക്ഷണ പന്തല്‍ പുത്തരിക്കണ്ടത്ത്
പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തല്‍ തയ്യാറാകുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍. രാത്രി (ജനുവരി 3) ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉല്‍പന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന പരിപാടി തുടരുകയാണ്. പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി.ശിവന്‍കുട്ടി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടര്‍മാരുടെ സേവനവും, ആംബുലന്‍സും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, താമസ സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മ്മസേനയുടെ സേവനം ലഭ്യമാകും.
ജനുവരി 8-ന് വൈകിട്ട് 5 ന് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



