21 മത് ലൈവ്‌സ്റ്റോക്ക് സെന്‍സസിന് കേരളത്തില്‍ തുടക്കമായി

ഇരുപത്തിയൊന്നാമത് ലൈവ്‌സ്റ്റോക്ക് സെന്‍സസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ വളര്‍ത്തു മൃഗങ്ങളുടെ കണക്കെടുത്തുകൊണ്ടാണ് സംസ്ഥാനത്തു ലൈവ്‌സ്റ്റോക്ക് സെന്‍സസിന് തുടക്കമായത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ പത്നി കമല വിജയനാണ് മൃഗസംരക്ഷണ വകുപ്പിലെ എന്യുമറേറ്റര്‍മാര്‍ക്കു വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങള്‍ നല്‍കിയത്.

ഇനിയുള്ള നാല് മാസക്കാലയളവില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും നിയോഗിച്ചിട്ടുള്ള പരിശീലനം നേടിയ കുടുംബശ്രീയിലെ പശുസഖി/ എ -ഹെല്‍പ്പ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു മൃഗസംരക്ഷണ മേഖലയിലെ പ്രധാനപ്പെട്ട വിവര ശേഖരണം നടത്തും. കേരളത്തില്‍ ആദ്യമായിട്ടാണ് പരിശീലനം നേടിയ 3500 ലധികം വരുന്ന കുടുംബശ്രീയിലെ പശുസഖി/ എ -ഹെല്‍പ്പ് എന്യൂമറേറ്റമാരുടെ നേതൃത്വത്തില്‍ കന്നുകാലികളുടെയും മറ്റു വളര്‍ത്തു മൃഗങ്ങളുടെയും കണക്കെടുപ്പ് നടത്തുന്നത്. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ മുഖേന എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ജിയോ ടാഗിംഗ് വഴി മാപ്പ് ചെയ്തുകൊണ്ടാണ് ഇത്തവണ വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്.

സംസ്ഥാനത്ത് ആകെയുള്ള കന്നുകാലികളുടെയും, പക്ഷികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദമായ വിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെയും വനിതാ സംരംഭകരുടയും എണ്ണവും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഗാര്‍ഹിക സംരംഭങ്ങളുടെയും ഗാര്‍ഹികേതര സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശദമായ വിവരങ്ങളും ശേഖരിക്കുന്നതാണ്. ഇതോടൊപ്പം തെരുവ് കന്നുകാലികള്‍, തെരുവ് നായ്ക്കള്‍,നാട്ടാനകള്‍ തുടങ്ങിയവയുടെ വിവരവും അറവുശാലകള്‍, മാംസസംസ്‌കരണ പ്ലാന്റുകള്‍, ഗോശാലകള്‍ എന്നിവയുടെ വിവരങ്ങളും ശേഖരിച്ചു നാല് മാസം കൊണ്ട് ക്രോഡീകരിക്കുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top