തമിഴ്‌നാട്ടില്‍ പ്രണയം നിരസിച്ചതിന് പോക്‌സോ കേസ് പ്രതിയായ 22 കാരന്‍ 16 കാരിയെ അതിക്രൂരമായി ആക്രമിച്ചു. 14 തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ജയിലില്‍ നിന്നിറങ്ങിയതിനു പിന്നാലെയാണ് പോക്‌സോ കേസ് പ്രതിയായ കേശവന്‍ എന്ന യുവാവ് പതിനാറുകാരിയെ ആക്രമിച്ചത്. ട്രിച്ചിയിലെ അതികുളം സ്വദേശിനി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്.
പെണ്‍കുട്ടി പരീക്ഷ കഴിഞ്ഞ് പോകുകയായിരുന്ന സമയത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പ്രതി കേശവന്‍ തടഞ്ഞുനിര്‍ത്തി പ്രണയാഭ്യര്‍ഥന നടത്തി. പെണ്‍കുട്ടി ഇത് വിസമ്മതിച്ചപ്പോള്‍ കേശവന്‍ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. 14 തവണ കുത്തി. തുടര്‍ന്ന് കത്തി കൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
അതേസമയം പ്രതിയായ കേശവനെ പൊലീസ് തിരയുന്നതിനിടയില്‍ ഇയാളുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. മണപ്പാറയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ മൃതദേഹം കിടക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
2021 ജൂണില്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവനെ നേരത്തെ തന്നെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അടുത്തിടെയാണ് ഇയാള്‍ ജയില്‍ മോചിതനായത്.



