കാണികളെ ത്രസിപ്പിച്ച് പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിന് തുടക്കം

കോഴിക്കോട്: തൂവെള്ള നിറത്തില്‍ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കര്‍മാര്‍ക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് വെള്ളിയാഴ്ച പുലിക്കയത്ത് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തതോടെ ഔപചാരിക തുടക്കമായി. ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയില്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളുടെ പ്രദര്‍ശനം വ്യാഴാഴ്ച നടന്നിരുന്നു.

വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരം മാത്രമായി പരിമിതപ്പെടുത്താതെ കോടഞ്ചേരിയിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങളുടെ ഉത്സവമാക്കി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറ്റുക എന്ന ഉദ്ദേശ്യത്തിലാണ് നിരവധി പ്രീ ഇവന്റുകള്‍ സംഘടിപ്പിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. ‘കയാക്കിങ്ങും ജനകീയ പങ്കാളിത്തവും കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ വിനോദസഞ്ചാരമേഖലയെ, കേരളം എന്ന ബ്രാന്റിനെ കൂടുതല്‍ പേരില്‍ എത്തിക്കാന്‍ കഴിയുകയുള്ളൂ,’ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങില്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നടന്‍ ബിനു പപ്പന്‍ മുഖ്യാതിഥി ആയിരുന്നു. ചാലിപുഴയുടെ തീരത്ത് ജനിച്ചുവളര്‍ന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ അവസരമാണെന്ന് ബിനു പപ്പു പറഞ്ഞു.

രണ്ടാം ദിവസം വനിത-പുരുഷ വിഭാഗങ്ങളില്‍ കയാക്ക് ക്രോസ്സ് മത്സരങ്ങളാണ് പുലിക്കയത്ത് നടന്നത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റ് ചെയര്‍മാന്‍ എസ് കെ സജീഷ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരില്‍, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസന്‍ വര്‍ഗീസ് കോഴപ്ലാക്കല്‍, ചാള്‍സ് തയ്യില്‍, കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ് സ്വാഗതവും ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ ടി ദാസ് നന്ദിയും പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യന്‍ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ഫെസ്റ്റിവലിന്റെ സമാപനം ജൂലൈ 28 ന് വൈകുന്നേരം അഞ്ചു മണിക്ക് ഇലന്തുകടവില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും.എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കര്‍മാരാണ് മലബാര്‍ റിവര്‍ ഫെസ്റ്റില്‍ തുഴയെറിയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top