താനൂര്‍: താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സുലൈക്കക്കും വൈസ് പ്രസിഡന്റ് ഇബ്രാഹീമിനുമെതിരെ ഇടതു പക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. ഇടതുമുന്നണിയുടെ അംഗങ്ങളും ഐഎന്‍എല്‍ സ്വതന്ത്രനുമടക്കം 12 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്നു. പത്തരയോടെ പ്രസിഡന്റിനെതിരെയും ഉച്ചക്ക് ശേഷമാണ് വൈസ് പ്രസിഡന്റിനെതിരെയെമുള്ള അവിശ്വാസം പ്രമേയം ചര്‍ച്ചക്കെടുത്തത്.
രാവിലെ എട്ടരമണിയോടെ തന്നെ ഇടതു പക്ഷത്തിന്റെ 12 മെമ്പര്‍മാരും ഹാജരായിരുന്നു. ഒമ്പതര മണിയോടെ ഭരണാധികാരിയായ താനൂര്‍ ആര്‍ഡിഒ കെ ആയിഷാബി പോലീസ് സംരക്ഷണയില്‍ പഞ്ചായത്തിലെത്തി 10 മണിയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.
മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍, ആര്‍ഡിഒ, തിരൂര്‍ ഡിവൈഎസ്പി കെ സെയ്തലവി, പൊന്നാനി, പാണ്ടിക്കാട് മഞ്ചേരി, കുണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും കോട്ടക്കല്‍ കല്പകഞ്ചേരി, കുറ്റിപ്പുറം, ചങ്ങരംകുളം എന്നി സ്റ്റേഷനുകളിലെ സബ് ഇന്‍സ്‌പെകെടര്‍മാര്‍ എആറിലെയും എംഎസ്പിയിലെയും പോലീസുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹമാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഒരുക്കിയിരുന്നത്.
ഇതിനിടെ പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് അംഗം തനിക്ക് അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി സ്വതന്ത്ര അംഗം സുജാത ആരോപിച്ചു.
കഴിഞ്ഞയാഴ്ചയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത ദിവസം വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. ഭരണാധികാരിയെ യുഡിഎഫ് പ്രവര്‍ത്തകര്‍ വഴിയില്‍ തടയുകയും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും മലബാറി ന്യൂസിന്റെ ക്യാമറ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
36 വര്‍ഷത്തോളം വലതു മുന്നണിയോട് ഒപ്പം നിന്ന താനാളൂര്‍ കഴിഞ്ഞ രണ്ടു ടേമുകളിലായി 10 വര്‍ഷം ഇടത്തോട്ട് നീങ്ങുകയും പിന്നീടിത് യുഡിഎഫ് തിരിച്ച് പിടിക്കുകയുമായിരുന്നു.
ഫോട്ടോ: ഷൈന്‍ താനൂര്‍




