
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്ന് അതീവ ജാഗ്രത . ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിനാണ് ഭീഷണി സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തീവ്രവാദികൾ ഡൽഹിയിലെ തിരക്കേറിയതും അതീവ സുരക്ഷ ആവശ്യമായതുമായ പ്രദേശങ്ങളെ ലക്ഷ്യമിടാമെന്ന വിവരത്തെ തുടർന്ന് സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെ രഹസ്യാന്വേഷണ വിഭാഗങ്ങളും സുരക്ഷാ ഏജൻസികളും സംയുക്തമായി സ്ഥിതിഗതികൾ വിലയിരുത്തി. ഭീകര സംഘടനകൾ വലിയ തോതിലുള്ള ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ തിരക്കേറിയ വിപണികൾ, മെട്രോ സ്റ്റേഷനുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പോലീസ് കമ്മീഷണർ നേരിട്ട് സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സന്ദർശകർക്കായി കർശനമായ പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (RAF) സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ ജാഗ്രത തുടരാനാണ് അധികൃതരുടെ തീരുമാനം. സാധാരണക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭാരതീയ ജനതാ പാർട്ടിയുടെ കേന്ദ്ര ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണംനടന്നേക്കുമെന്ന വിവരത്തെത്തുടർന്ന് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ഓഫീസും പരിസരവും ഇപ്പോൾ കനത്ത പോലീസ് കാവലിലാണ്.സെൻട്രൽ ഡൽഹിയിലെ ബിജെപി ആസ്ഥാനം കൂടാതെ, ഡൽഹി പ്രദേശ് ബിജെപി ഓഫീസിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ ഈ പ്രദേശങ്ങളെല്ലാം പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായി.ഭീഷണിയുടെ പശ്ചാത്തലത്തിൽ ദീൻ ദയാൽ ഉപാധ്യായ മാർഗിൽ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹന പരിശോധന ശക്തമാക്കുകയും ചെയ്തു.പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് നിരീക്ഷണത്തിലാണ്. സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന വ്യക്തികളെയും വാഹനങ്ങളെയും പരിശോധിക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




