ക്ഷേത്രപ്രവേശന വാര്‍ഷിക നോട്ടീസ് പിന്‍വലിച്ചു

തിരുവനന്തപുരം: ക്ഷേത്രപ്രവേശന ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തോടുള്ള രാജഭക്തി നിറഞ്ഞ നിരവധി പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. നോട്ടീസ് സ്വാഭാവികമായി സംഭവിച്ചു പോയതാണെന്ന വിശദീകരണമാണ് സാംസ്‌കാരിക പുരാവസ്തു വിഭാഗം ആദ്യം നല്‍കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ നോട്ടീസ് പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുള്ള ദേവസ്വം ബോര്‍ഡിന്റെ പുരാവസ്തു സാംസ്‌കാരിക വകുപ്പ് ഇറക്കിയ നോട്ടീസ് ആണ് വിവാദത്തിലായത്.

ഗൗരി ലക്ഷ്മി ഭായി, ഗൗരി പാര്‍വ്വതി ഭായ് എന്നിവര്‍ തിരുവിതാംകൂറിന്റെ രാജ്ഞിമാരാണ്. ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കാന്‍ വേണ്ടിയാണ്. ചിത്തിര തിരുനാള്‍ അറിഞ്ഞു നല്‍കിയതാണ് ക്ഷേത്ര പ്രവേശനം എന്നിങ്ങനെ നോട്ടീസില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നത് അടിമുടി രാജ ഭക്തിയാണ്. നോട്ടീസിന്റെ ഉള്ളടക്കത്തിലെ ഗുരുതരമായ തെറ്റ് യാദൃശ്ചികമെന്നാണ് ഇത് പുറത്തിറക്കിയ പുരാവസ്തു സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ ബി മുരളീധരന്‍ നായരുടെ പക്ഷം.

‘രാജഭക്തി’ പ്രശ്‌നമായി; ക്ഷേത്രപ്രവേശന വാര്‍ഷിക നോട്ടീസ് പിന്‍വലിച്ചു
‘മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്രപ്രവേശന വിളംബരം’; ദേവസ്വം ബോര്‍ഡ് നോട്ടീസ്

നോട്ടീസിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനം ശക്തമായതോടെയാണ് ബോര്‍ഡിന് വീണ്ടുവിചാരം ഉണ്ടായത്. നോട്ടീസ് പിന്‍വലിക്കാന്‍ പരിപാടിയുടെ ഉദ്ഘാടകന്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശം നല്‍കി. എന്നാല്‍ പ്രിന്റ് ചെയ്ത 100 ഓളം നോട്ടീസുകള്‍ ഇതിനോടകം വിതരണം ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top