പരപ്പനങ്ങാടി ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തിന് അരങ്ങുണരുന്നു

തിരൂരങ്ങാടി : ഈ വര്‍ഷത്തെ പരപ്പനങ്ങാടി ഉപജില്ല കേരള സ്‌കൂള്‍ കലോല്‍സവം നവംബര്‍ 13ന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കെ പി എ മജീദ് എം എല്‍ എ മുഖ്യാതിഥിയാകും. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റിലാണ് മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നത്. ഉപജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗല്‍ഭരും പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ നൂറോളം വിദ്യാലയങ്ങളിലെ അയ്യായിരത്തിലധികം പ്രതിഭകള്‍ ഒന്‍പത് വേദികളിലായി മാറ്റുരയ്ക്കുന്നുണ്ട്.

തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഓറിയന്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായി ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, മുദ്ര,നാദം , കേളി എന്നിങ്ങനെ വേദികള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നു. സ്‌കൂള്‍ കലാമേളയുടെ ഭാഗമായ അറബി കലോല്‍സവം, സംസ്‌കൃത കലോല്‍സവം, ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലോല്‍സവം എന്നിവയും വിവിധ വേദികളില്‍ നടക്കും. മേളയുടെ സുഗമമായ നടത്തിപ്പിന് ജനപ്രതിനിധികളും അധ്യാപകരും ഉള്‍ക്കൊള്ളുന്ന ഒരു ജനറല്‍ കമ്മിറ്റിയും പതിനൊന്ന് സബ്കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. 16ന് വൈകുന്നേരം ആറുമണിക്ക് സമാപന സമ്മേളനം പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി. സുഹറാബി ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി. എന്‍, പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്‍ഹഖ്, എസ് എം.സി ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത്, , പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഡോ.മുജീബ് റഹ്‌മാന്‍.ടി, ഹെഡ് മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ കെ. കദിയാമു ടീച്ചര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. കെ സുധീര്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മൂഹമ്മദ് ഷമീര്‍ ടി.സി, അബ്ദുറഷീദ്, പച്ചായി മൊയ്തീന്‍ കുട്ടി, ഡോ. അനീസുദ്ദീന്‍ അഹ്‌മദ്, അബ്ദുന്നാസര്‍ എന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top