ബെംഗളൂരു: തെലുങ്ക് നടനും ടിഡിപി നേതാവുമായ നന്ദമുരി താരകരത്‌ന (40) അന്തരിച്ചു. ബെംഗളുരുവില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 23 ദിവസമായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ബന്ധു കൂടിയായ ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്റെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനത്തിനിടെ ജനുവരി 27-ന് ആണ് ആന്ധ്രയിലെ ചിറ്റൂരില്‍ വച്ച് താരകരത്‌ന കുഴഞ്ഞുവീണത്.
തെലുങ്ക് ഇതിഹാസതാരവും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍ടിആറിന്റെ പേരമകനാണ് താരകരത്‌ന. അച്ഛന്‍ നന്ദമുരി മോഹന്‍ കൃഷ്ണ തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത ഛായാഗ്രഹകനായിരുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രന്‍ കൂടിയാണ് താരക രത്ന.
നായകനായും വില്ലനായും തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നു താരകരത്‌ന. 2002-ല്‍ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന തെലുങ്ക് സിനിമയില്‍ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ്സീരീസിലും താരകരത്ന മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
അലേഖ്യ റെഡ്ഡിയാണ് താരകരത്‌നയുടെ ഭാര്യ. ഒരു മകളുണ്ട്.
തന്റെ 40-ാം ജന്മദിനത്തിന് നാല് ദിവസം മാത്രം ശേഷിക്കെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. നിരവധി ടോളിവുഡ് താരങ്ങള്‍ താരക രത്നയുടെ അകാല വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


