എയര്‍ ഇന്ത്യ ടാറ്റ ലേലത്തില്‍ പിടിച്ചെന്ന് റിപ്പോര്‍ട്ട്; അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ എയര്‍ ഇന്ത്യ വ്യോമയാന സര്‍വീസ് ടാറ്റ ഗ്രൂപ്പിന്റെ കോര്‍പറേറ്റ് കൈകളിലേക്ക്. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ലേലത്തില്‍ പിടിച്ച വാര്‍ത്ത ദേശീയ, രാജ്യാന്തര മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, അവസാന റൗണ്ടില്‍ സ്പൈസ് ജെറ്റുമായി നടന്ന ലേലത്തില്‍ ഉയര്‍ന്ന തുക മുന്നോട്ടുവച്ചത് ടാറ്റ ആണെന്നാണ് റിപ്പോര്‍ട്ട്. ആകെ നാല് അപേക്ഷകരാണുണ്ടായിരുന്നത്.

4400 ആഭ്യന്തര സര്‍വീസും 1800 രാജ്യാന്തര സര്‍വീസും നടത്തുന്ന എയര്‍ഇന്ത്യയുടെ 100 ശതമാനം ഓഹരിയും കേന്ദ്രം വില്‍ക്കുകയാണ്. എയര്‍ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സ്ലോട്ട്, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കമ്പനി എയര്‍ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരി എന്നിവയും പുതിയ ഉടമയ്ക്ക് ലഭിക്കും. ജീവനക്കാരുടെ ഭാവിയും കമ്പനിയുടെ നിലവിലെ നഷ്ടവും കൈകാര്യം ചെയ്യുന്നതില്‍ തുടരുന്ന തര്‍ക്കമാണ് അന്തിമതീരുമാനം വൈകുന്നതിന് പിന്നില്‍. തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിക്ഷേപ, പൊതു ആസ്തി മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിനുമുമ്പ് ജെ ആര്‍ ഡി ടാറ്റ സ്ഥാപിച്ച വ്യോമയാന കമ്പനിയാണ് പിന്നീട് എയര്‍ഇന്ത്യയായത്. 1953ല്‍ കമ്പനി ദേശസാല്‍ക്കരിച്ചു. എന്നാല്‍, 1977 വരെ ജെ ആര്‍ ഡി ടാറ്റ ചെയര്‍മാനായി തുടര്‍ന്നു. നിലവില്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ടാറ്റ ഗ്രൂപ്പ് വിസ്താര എന്ന വ്യോമയാന കമ്പനി നടത്തുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിയും പുരോഗമിക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യയുടെ വില്‍പ്പന. വിദേശരാജ്യങ്ങളില്‍ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നത് എയര്‍ഇന്ത്യ വിമാനങ്ങളാണ്. സ്വകാര്യ ഉടമസ്ഥതയില്‍ എത്തുന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തകിടംമറിയും.

Share news
error: Content is protected !!
Scroll to Top