താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പുതുമോടിയിലേക്ക്: ഒന്നരക്കോടിയുടെ പ്രവൃത്തി പുരോഗമിക്കുന്നു

HIGHLIGHTS : Tanur railway station to be renovated: Work worth Rs 1.5 crore is in progress

താനൂര്‍:ചരിത്ര പ്രാധാന്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പുതുമോടിയിലേക്ക്. ഒന്നരക്കോടി രൂപയുടെ വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്ന താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. മെട്രോ പൊളിറ്റന്റ് നഗരങ്ങളിലെ സൗകര്യങ്ങളോടു കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് താനൂര്‍ റെയില്‍വെ സ്റ്റേഷനും കാലത്തിനൊത്ത് മാറുന്നത്. യാത്രക്കാരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങളെല്ലാം ഇനി താനൂര്‍ റെയില്‍വേ സ്റ്റേഷന് സ്വന്തമാകുകയാണ്. പുതുമോടിയിലുള്ള കെട്ടിടത്തിനൊപ്പം അത്യാധുനിക സൗകര്യങ്ങളും റെയില്‍വെ സ്റ്റേഷനില്‍ ഒരുക്കാന്‍ ഒന്നരക്കോടി രൂപയുടെ വികസന പ്രവൃത്തി പുരോഗമിക്കുകയാണ്.

വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് ഒന്നരക്കോടി രൂപ വകയിരുത്തിയാണ് റെയില്‍വേ സ്റ്റേഷന്‍ കാലത്തിനൊത്ത് നവീകരിക്കുന്നത്. മന്ത്രി വി.അബ്ദുറഹ്മാന് റെയില്‍വേയുടെ ചുമതല കൂടിയുള്ളതിനാല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. പഴയ കെട്ടിടം പൊളിച്ച് പുതുക്കി പണിയാനും പുതിയ ടിക്കറ്റ് ബുക്കിങ് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, ടോയ്ലറ്റ് കോംപ്ലക്സ്, ഒന്നാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂര, പ്ലാറ്റ്ഫോമില്‍ വിപുലമായ ഇരിപ്പിട സൗകര്യം, മിനിമാസ്റ്റ് ഉള്‍പ്പെടുന്ന വൈദ്യുത വിളക്കുകള്‍ എന്നിവ ഒരുക്കാനുമാണ് പദ്ധതി.

നിലവില്‍ താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സൗകര്യങ്ങളില്ല. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടവും കാലപ്പഴക്കമുള്ളതാണ്. ഈയൊരു സാഹചര്യത്തിലാണ് പുതിയ കെട്ടിടവും സൗകര്യങ്ങളും ഒരുക്കുന്നത്. ദക്ഷിണ റെയില്‍വെയില്‍ ആദ്യമായാണ് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പണിയുന്നത്. താനൂരില്‍ നിലവിലുള്ള റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന് 170 വര്‍ഷത്തെ പഴക്കമുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!