താനൂര്‍: അഞ്ചുടിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖി(35)നെ കൊലപ്പെടുത്തിയതിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. കെ പി മുഫീസാണ് അറസ്റ്റിലായത്. സിപിഎം പ്രാദേശിക നേതാവിന്റെ സഹോദരങ്ങളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സംഭവത്തില്‍ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആക്രമണത്തിന് കാരണം രാഷ്ട്രീയപരമാണോ വ്യക്തിവൈരാഗ്യമാണോ എന്ന് വ്യക്തമായിട്ടില്ലെന്നും ആറുപേരാണ് സംഘത്തില്‍ ഉള്ളതെന്നും ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍കരീം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍സെക്രട്ടറി കെ പി ഷംസുവിന്റെ സഹോദരങ്ങളായ മുഫീസ്,ത്വാഹ,ജുനൈസ്, ഇവരുടെ സുഹൃത്ത് ചീമ്പാളിന്റെ പുരയ്ക്കല്‍ സവാദ് എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് രണ്ടുപേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
ഇസഹാഖിനെ ആക്രമിച്ച ശേഷം സംഘം സമീപത്തെ പള്ളിപ്പറമ്പിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ പിടിയിലായത് കേസിലെ ഒന്നാം പ്രതിയായ മുഫീസാണ്. കേസുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് മൂന്ന് പേര്‍ പോലീസ് പിടിയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.




