താനൂര്‍ ; മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ താനൂര്‍ പോലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ കേസിലെ ഒന്നാംപ്രതി താനൂര്‍ ചീരാന്‍കടപ്പുറം അരയന്റെ പുരക്കല്‍ സുഫിയാ (24)നെ പോലീസ് സംഭവം നടന്ന താനൂര്‍ നടക്കാവ് റെയില്‍പാലത്തിനടുത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കുത്തേറ്റ് മരണപ്പെട്ട തലക്കടത്തൂര്‍ അരീക്കാട് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ധീനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.
ഉച്ചക്ക് ശേഷം പരപ്പനങ്ങാടി ഒന്നാക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസിലെ രണ്ടാംപ്രതി നന്നമ്പ്ര സ്വദേശി കീരിയാട്ടില്‍ രാഹുലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജയിലിലാണ്.
സൂഫിയാന്‍ ബേപ്പൂരിലെ മത്സ്യബന്ധന ബോട്ടില്‍ മത്സ്യത്തൊഴിലാളിയായി ഒളിവില്‍ കഴിയുന്നതിനിടെ താനൂര്‍ എസ്.ഐ നവീന്‍ ഷാജും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് സുഫിയാന്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ബേപ്പൂരില്‍ എത്തിയത്. താനൂരില്‍ നിന്ന് സുഫിയാന്‍ രക്ഷപ്പെട്ടത് ശിഹാബുദ്ധീന്റെ ബൈക്കിലായിരുന്നു. ഇതും ബേപ്പൂരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
29ന് രാത്രി താനൂര്‍ നടക്കാവിനും പാലക്കുറ്റിയഴി തോടിനും ഇടയില്‍ റെയില്‍ ഓവുപാലത്തിന് അടിയിലായിരുന്നു ശിഹാബുദ്ധീനും കൂടെയുണ്ടായിരുന്ന ബി.പി അങ്ങാടി സ്വദേശി അഹ്‌സല്‍ (29)നും കുത്തേറ്റത്. ശിഹാബുദ്ധീന്‍ അടുത്ത ദിവസം രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്. അഹ്‌സല്‍ ചികിത്സയില്‍ തുടരുകയാണ്.
രാഹുലും സൂഫിയാനും നിരവധി കേസുകളില്‍ പ്രതിയാണ്.




