താനൂര്‍ : വെസ്റ്റ് മീനടത്തൂര്‍ ജുമാമസ്ജിദില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ 3മണിക്കും 4 നും ഇടയിലാണ് പള്ളിയുടെ ചുവര്‍ കുത്തി തുറന്ന് മോഷണം നടത്തിയത്. 15,000 രൂപയാണ് ഇവിടെ നിന്ന് മോഷണം പോയത്. പള്ളിയില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പണമാണ് നഷ്ടമായിട്ടുള്ളത്.
പുലര്‍ച്ചെ പള്ളിയില്‍ നമസ്‌കാരത്തിനെത്തിയ ചിലരാണ് ഇവിടെ നിന്നും ഹിന്ദി സംസാരിച്ചു കൊണ്ട് രണ്ട് പേര്‍ ഓടിപോകുന്നത് കണ്ടത്. തുടര്‍ന്നാണ് പള്ളിയുടെ ചുവര്‍ പൊളിച്ചത് ശ്രദ്ധയില്‍ പെട്ടത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
താനൂരിലും പരിസര പ്രദേശങ്ങളിലുമായി ഈ മാസം മാത്രം അഞ്ചിടങ്ങളില്‍ ഉണ്ടായ മോഷണത്തില്‍ 11 പവനോളം സ്വര്‍ണ്ണം നഷ്ടമായിട്ടുണ്ട്. കൂടാതെ ഈ ചുറ്റുവട്ടത്തില്‍ നിരവധി ബൈക്കുകള്‍ മോഷണം പോയിട്ടുണ്ട്. താനൂരില്‍ മോഷണം വ്യാപകമായതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന ഒരു ഭാഗമയി താനൂര്‍ മാറിക്കൊണ്ടിരിക്കുന്നതും നാട്ടുകാരില്‍ ഭയാശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.





