രണ്ടാം തവണയും താനൂര്‍ ചുവന്നു

Tanur blushed for the second time

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: താനൂര്‍ നിയോജക മണ്ഡലം രണ്ടാം തവണയും ചുവന്നു. നിയോജക മണ്ഡലത്തില്‍ വി അബ്ദുറഹ്മാന്‍ നേടിയത് ചരിത്രവിജയം. 985 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ പി.കെ. ഫിറോസിനെ വി അബ്ദുറഹ്മാന്‍ പരാജയപ്പെടുത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

60 വര്‍ഷത്തെ കുത്തക ഭരണം അവസാനിപ്പിച്ച് 2016ലാണ് താനൂര്‍ നിയോജക മണ്ഡലത്തില്‍ വി അബ്ദുറഹിമാനിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയക്കൊടി പാറിച്ചത്. 4918 വോട്ടുകള്‍ക്കാണ് അന്ന് മുസ്ലിംലീഗിലെ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയത്.

താനൂര്‍ നഗരസഭ, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളാണ് ഇത്തവണ മുസ്ലിംലീഗിന് ലീഡ് നല്‍കിയത്. താനാളൂര്‍, ഒഴൂര്‍, നിറമരുതൂര്‍, പൊന്മുണ്ടം പഞ്ചായത്തുകളിലെ ലീഡ് വി അബ്ദുറഹ്മാനെ വിജയത്തിലെത്തിച്ചു.

കഴിഞ്ഞ 60 വര്‍ഷം കാണാത്ത വികസനപ്രവര്‍ത്തനങ്ങളാണ് താനൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കിയത്. ഇതിനുള്ള അംഗീകാരം തന്നെയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ കുടുംബത്തോടെ പൊറൂരിലെ വീട്ടിലിരുന്ന് ടെലിവിഷനിലൂടെയായിരുന്നു ഫലപ്രഖ്യാപന വിവരങ്ങള്‍ അറിഞ്ഞത്. ഫല പ്രഖ്യാപനം വന്നയുടന്‍ വോട്ടെണ്ണല്‍ കേന്ദ്രമായ തിരൂര്‍ എസ്എസ്എം പോളിടെക്‌നിക്ക് കോളജിലെത്തിയ വി അബ്ദുറഹിമാനെ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പ്രവര്‍ത്തകരുടെ വിജയാഹ്ലാദം ഓണ്‍ലൈനില്‍ ഒതുങ്ങി.

ആദ്യത്തെ പത്ത് റൗണ്ടുകളിലും പി കെ ഫിറോസ് ലീഡ് ചെയ്തതോടെ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദം നിറച്ചു. എന്നാല്‍ പൊന്മുണ്ടം, താനാളൂര്‍ പഞ്ചായത്തുകളിലെ വോട്ട് എണ്ണി തുടങ്ങിയതോടെ ഫിറോസിന്റെ ലീഡ് നില കുത്തനെ താഴ്ന്നു. ചെറിയമുണ്ടം പഞ്ചായത്തില്‍ യുഡിഎഫ് പ്രതീക്ഷ വച്ചെങ്കിലും. 300ല്‍ താഴെ മാത്രമാണ് ലീഡ് ചെയ്യാനായത്. ഇതോടെ യുഡിഎഫ് പരാജയം തിരിച്ചറിഞ്ഞു. പോസ്റ്റല്‍ ബാലറ്റിലും വി അബ്ദുറഹ്മാന്‍ ലീഡ് ചെയ്തു. നിറമരുതൂര്‍ പഞ്ചായത്തിലെ മങ്ങാട് വാര്‍ഡിലെ വോട്ടിംങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വിവിപാറ്റ് എണ്ണയാണ് ഫലം പ്രഖ്യാപിച്ചത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •