താനൂര്‍: ഇടവപ്പാതിയിലെ ആ തണുത്ത സന്ധ്യയില്‍ കടലുണ്ടിപ്പുഴ കവര്‍ന്നെടുത്ത ജീവനുകളെ ഒരു ഞെട്ടലോടെ ഓര്‍ക്കുകയാണ് താനൂര്‍ സ്വദേശിയായ റിട്ടയേര്‍ഡ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജഗോപാലന്‍. 2601 മദ്രാസ് മെയില്‍ കടലുണ്ടിപ്പുഴയില്‍ വീണസമയത്ത് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ എസ്.ഐ ആയിരുന്നു അദ്ദേഹം.
ദുരന്ത ദിവസം ഏകദേശം 6 മണിയോടുകൂടിയാണ് സ്റ്റേഷനില്‍ സന്ദേശമെത്തിയത്. പിന്നെ വൈകിയില്ല, മലപ്പുറം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് എസ്.പിയെ വിവരമറിയിച്ചു. ശേഷം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരെയും കൂട്ടി സംഭവസ്ഥലത്തേക്ക് കുതിച്ചു. പോകുന്ന വഴി പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും നിര്‍ത്തിയിട്ടിരുന്ന ജീപ്പ്, ട്രക്കര്‍ തുടങ്ങിയ മുഴുവന്‍ വാഹനങ്ങളോടും കടലുണ്ടിയിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഈ വാഹനങ്ങളാണ് പരിക്കേറ്റവരെ വഹിച്ചുകൊണ്ട് ‘ആംബുലന്‍സു’കളായി കോഴിക്കോട്ടെ ആശുപത്രികളിലേക്ക് തിരിച്ചത്.
തൊട്ടടുത്ത് പുതിയ പാലത്തിന്റെ നിര്‍മാണപ്രവൃത്തികളിലേര്‍പ്പെട്ടിരുന്ന വിജയ് കണ്‍സ്ട്രക്ഷന്‍സിന്റെ ജോലിക്കാര്‍, മണല്‍-മത്സ്യ തൊഴിലാളികള്‍, പരിസരത്തെ പരേതനായ എസ്.ഐ വേലായുധന്‍, യു കലാനാഥന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വള്ളിക്കുന്ന് നിവാസികള്‍, ദാഹജലമെത്തിച്ച അമ്മമാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്ന് രാജഗോപാല്‍ ഓര്‍മ്മിക്കുന്നു.
ജാതിമതകക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റമനസ്സോടെ സമയോചിതമായി ഇടപെട്ടതിനാലാണ് മരണസംഖ്യ ഗണ്യമായി കുറയാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ആദ്യമണിക്കൂറില്‍ തീവണ്ടിക്കുള്ളില്‍ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്താന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ കൈ അറുത്തുമാറ്റി രക്ഷപ്പെടുത്തിയതും ഇദ്ദേഹം ഭീതിയോടെ ഓര്‍ക്കുന്നു.




