താനൂരില്‍ പിതാവിന്റെ സഹോദരനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

താനൂർ : ശരീരത്തിൽ ബാധ കയറി എന്ന വ്യാജേന വയോധികനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കുന്നുംപുറം മോര്യ സ്വദേശി കോലേരി അജിത്താണ് താനൂർ  പൊലീസ് പിടിയിലായത്.    ഒന്നാം തീയതി പുലർച്ചെ അഞ്ചരയോടെ മോര്യ ശിവക്ഷേത്രത്തിന് മുൻവശത്ത് വച്ചാണ് പ്രതിയുടെ അച്ഛന്റെ സഹോദരൻ കൂടിയായ കോലേരി ചന്ദ്ര(64)നെ മാരകമായി ആക്രമിച്ചത്.

താൻ നരസിംഹമൂർത്തിയാണെന്നും, മൂർത്തിയോടാണോ നിന്റെ കളി കളിയെന്നും ആക്രോശിച്ചായിരുന്നു അജിത്ത് ചന്ദ്രനെ ആക്രമിച്ചത്. ഓടിവന്ന് മുഖത്ത് അടിക്കുകയായിരുന്നു. തുടർന്ന്  ക്ഷേത്രക്കുളത്തിലേക്ക് തള്ളിയിടാനും ശ്രമിച്ചു. കുതറിയോടിയ ചന്ദ്രനെ സമീപത്തെ ചെറിയ തോട്ടിലേക്ക് വലിച്ചിട്ട് കരിങ്കല്ല് ഉപയോഗിച്ച് മുഖത്തും തലയിലും ആഞ്ഞടിക്കുകയായിരുന്നു. ചന്ദ്രന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് അജിത്തിനെ പിടിച്ചുമാറ്റിയത്.തുടർന്ന് വീട്ടിൽ കയറിയും ആക്രമിച്ചു.    ഗുരുതര പരിക്കേറ്റ ചന്ദ്രനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ  പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും, തലയിലുമായി 11 തുന്നൽ ഉണ്ടായിരുന്നു.

തനിക്ക് ബോധമില്ലാതെയാണ് അപ്രകാരം സംഭവിച്ചതെന്ന് അജിത്ത്  പ്രചരിപ്പിച്ചു. എന്നാൽ സ്വബോധത്തോടെ
നിരന്തരം വേദ പഠനം നടത്തുകയും, ബാലഗോകുലം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ് അജിത്തെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. തങ്ങൾ പൊലീസിൻ  നൽകിയ കേസിൽ നിന്നും തലയൂരാനാണ് ഇപ്രകാരം പറഞ്ഞുപരത്തിയതെന്നും ചന്ദ്രന്റെ വീട്ടുകാർ ആരോപിച്ചു.

താനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ താത്കാലിക ജീവനക്കാരനാണ് അജിത്ത്. താനൂർ സിഐ എംഐ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles